ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികം ഇന്ന്; അനുസ്മരണ സമ്മേളനം രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും

ഫോട്ടോ: അഭിലാഷ് ചിറക്കടവ്
ഫോട്ടോ: അഭിലാഷ് ചിറക്കടവ്

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികം  ഇന്ന്. പുതുപ്പള്ളി സെയ്ന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയിലാണ് അനുസ്മരണ ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. മതപരമായ ചടങ്ങുകള്‍ക്കുശേഷം പള്ളിയങ്കണത്തില്‍ നടക്കുന്ന അനുസ്മരണസമ്മേളനം ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി ഉദ്ഘാടനംചെയ്യും. സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റിയാണ് അനുസ്മരണം സംഘടിപ്പിച്ചിട്ടുള്ളത്. 

സമ്മേളനത്തില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധി വ്യാഴാഴ്ച രാത്രി കോട്ടയത്തെത്തി. കൊച്ചിയിലെത്തിയ രാഹുല്‍ റോഡുമാര്‍ഗം കുമരകത്തെത്തി. രാത്രി ഒന്‍പതുമണിയോടെയെത്തിയ രാഹുല്‍ ഗാന്ധിക്ക് കുമരകം താജ് ഹോട്ടലിലാണ് വിശ്രമം. 

കോൺഗ്രസ് നേതാക്കളും ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങളും പ്രാർഥനയിൽ പങ്കെടുക്കുന്നു | ഫോട്ടോ: അഭിലാഷ് ചിറക്കടവ് 

രാവിലെ ഏഴിന് പുതുപ്പള്ളി പള്ളിയില്‍ നടക്കുന്ന കുര്‍ബാനയില്‍ ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ മോര്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവാ കാര്‍മികനാകും. വിവിധ മെത്രാപ്പൊലീത്താമാരും വൈദികരും സഹകാര്‍മികരാകും. കുര്‍ബാനയെത്തുടര്‍ന്ന് ഉമ്മന്‍ ചാണ്ടിയുടെ കബറിങ്കല്‍ ധൂപപ്രാര്‍ഥന. തുടര്‍ന്ന് അനുസ്മരണസമ്മേളനത്തില്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷനാകും.

ചടങ്ങുകള്‍

പ്രഭാതനമസ്‌കാരം രാവിലെ 6.30 കുര്‍ബാന 7.00, കബറിങ്കല്‍ ധൂപപ്രാര്‍ഥന 8.15 സമ്മേളനം തുടക്കം 9.00 രാഹുല്‍ ഗാന്ധി എത്തുന്നത് 9.30 പുഷ്പാര്‍ച്ചന 9.45 പൊതുസമ്മേളനം ഉദ്ഘാടനം 10.00.

Content Highlights: former chief minister oommen chandy second death anniversary