ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽനിന്ന് ഡ്രൈവറെ വനംവകുപ്പ് ഉദ്യോഗസ്ഥൻ വലിച്ച് റോഡിലിട്ടു; കേസെടുത്തു

കുമളി: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽനിന്നും ഡ്രൈവറെ വലിച്ച് റോഡിലേക്കിട്ട് വനംവകുപ്പ് ജീവനക്കാരൻ. നിയന്ത്രണംവിട്ട ഓട്ടോറിക്ഷ സമീപത്തെ കടയിൽ ഇടിച്ചുനിന്നു. കടയിലുണ്ടായിരുന്ന കുട്ടികൾ, ഓട്ടോ ഇടിക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം.
താമരക്കണ്ടം സ്വദേശിയായ ജയചന്ദ്രനെയാണ് തേക്കടി ചെക്ക് പോസ്റ്റിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ പി.എം. സക്കീർ ഹുസൈൻ ഓട്ടോറിക്ഷയിൽനിന്നും വലിച്ച് റോഡിൽ ഇട്ടത്. തേക്കടി ആമപ്പാർക്കിന് സമീപത്തുനിന്നും തേക്കടി പ്രവേശനകവാടത്തിലേക്ക് വന്ന ഓട്ടോറിക്ഷയ്ക്ക് ചെക്ക്‌പോസ്റ്റിൽവെച്ച് ഇയാൾ കൈ കാണിച്ചു. ഓട്ടോറിക്ഷ നിർത്തിയില്ല. ഇതിൽ ദേഷ്യപ്പെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥൻ, ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ ചാടിക്കയറി ഡ്രൈവറെ വലിച്ച് നിലത്തിടുകയായിരുന്നു. റോഡിലേക്ക് തലയിടിച്ചാണ് ഡ്രൈവർ വീണതെന്ന് സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഓട്ടോറിക്ഷ ഡ്രൈവർ ജയചന്ദ്രന്റെ പരാതിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.
നവകേരള സദസ്സിനെ അപകീർത്തിപ്പെടുത്തി സാമൂഹികമാധ്യമത്തിൽ പോസ്റ്റിട്ടതിന് സസ്‌പെൻഷനിലായ സക്കീർ ഹുസൈൻ കുറച്ച് നാളുകൾക്ക് മുമ്പാണ് സർവീസിൽ തിരിച്ചുകയറിയത്.
അതേസമയം, ആമപ്പാർക്കിന് സമീപം ഓട്ടോറിക്ഷയിലിരുന്ന് മദ്യപിച്ചവരെ ബിഎഫ്ഒ കാണുകയും ഇവരോട് പുറത്തേക്ക് പോകാൻ ആവശ്യപ്പെടുകയുമായിരുന്നുവെന്ന് വനംവകുപ്പ് പറയുന്നു.
തുടർന്ന്, കാട്ടിനുള്ളിൽ ഓട്ടോറിക്ഷയിലിരുന്ന് മദ്യപിച്ചവരെക്കുറിച്ച് ചെക്ക്‌പോസ്റ്റ് ഡ്യൂട്ടിയിലുള്ള സക്കീർ ഹുസൈനെ വിവരം അറിയിച്ചു. ഇതേത്തുടർന്നാണ്, ചെക്ക് പോസ്റ്റിൽ വാഹനം തടഞ്ഞത്.
എന്നാൽ, അത് നിർത്താതെ മുമ്പോട്ടെടുത്തു. ചെക്ക്‌പോസ്റ്റിലെ ഉദ്യോഗസ്ഥരെ ഇടിച്ച് കടന്നുപോകാൻ ശ്രമിച്ച വാഹനം തടഞ്ഞപ്പോൾ ഡ്രൈവർ ഓട്ടോറിക്ഷയിൽനിന്നും താഴേക്ക് വീണെന്നും വനംവകുപ്പ് വിശദീകരിക്കുന്നു. ജോലി തടസ്സപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് ഡ്രൈവർ ജയചന്ദ്രനെതിരേ വനംവകുപ്പും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Content Highlights: Forest department official pulls driver from moving autorickshaw-case