സംരക്ഷിത വനമേഖലയില്‍ അതിക്രമിച്ചു കയറി; ബാബുവിനെതിരേ കേസെടുത്തേക്കും

പാലക്കാട്: ചെറാട് കൂര്‍മ്പാച്ചി മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെതിരേ വനംവകുപ്പ് കേസെടുത്തേക്കും. സംരക്ഷിത വനംമേഖലയില്‍ അതിക്രമിച്ച് കയറിയതിനാണ് കേസ്. കേരളാ ഫോറസ്റ്റ് ആക്റ്റ് പ്രകാരമാണ് കേസെടുക്കുക. കേസ് എടുക്കുന്നതിന് മുന്നോടിയായി വാളയാര്‍ സെക്ഷന്‍ ഓഫീസര്‍ ബാബുവിനെ കണ്ട് മൊഴിയെടുക്കും.
ബാബു കയറിയ കൂര്‍മ്പാച്ചി മല സംരക്ഷിത വനമേഖലയുടെ ഭാഗമാണ്. ഈ പ്രദേശത്ത് ആളുകള്‍ക്ക് വനംവകുപ്പിന്റെ അനുമതിയില്ലാതെ പ്രവേശിക്കാന്‍ സാധിക്കില്ല. ഈ സാഹചര്യത്തിലാണ് ബബുവിനെതിരേ കേസെടുക്കാന്‍ തീരുമാനമായത്. ബാബുവിന്റെ മൊഴി വാളയാര്‍ സെക്ഷന്‍ ഓഫീസര്‍ എടുക്കും. ഇതിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍ ഉണ്ടാകുക.
കേരള ഫോറസ്റ്റ് ആക്റ്റ് സെക്ഷന്‍ 27 പ്രകാരമാണ് വനംവകുപ്പ് ബാബുവിനെതിരേ കേസ് എടുക്കുക. ഒരു കൊല്ലം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണിത്. ബാബുവിന് ഒപ്പമുണ്ടായിരുന്ന ആളുകള്‍ക്കായും അന്വേഷണം നടക്കുന്നുണ്ട്. അവരുടെ മൊഴിയും എടുക്കും. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്കെതിരേ കേസെടുക്കുന്നതില്‍ മൊഴിയെടുത്ത ശേഷം തീരുമാനിക്കും.
രണ്ടു രാത്രിയും ഒരു പകലും ചെങ്കുത്തായ പാറക്കെട്ടിലെ ഇടുക്കില്‍ കുടുങ്ങിയ മലമ്പുഴ ചെറാട് സ്വദേശി ആര്‍. ബാബുവിനെ മലമുകളില്‍നിന്ന് 400 മീറ്ററിലേറെ താഴ്ചയില്‍നിന്നാണ് സൈന്യം രക്ഷിച്ചത്. തുടര്‍ന്ന് ഹെലികോപ്റ്ററിലും പിന്നീട് ആംബുലന്‍സിലുമായി ജില്ലാ ആശുപത്രിയിലെത്തിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ പറഞ്ഞു.
Content Highlights: Forest department may take case against trekker Babu
Content Highlights: