ഉയർന്ന ടിക്കറ്റ് നിരക്ക്, സർവീസ് റദ്ദാക്കലും പതിവ്; കൊള്ള തുടർന്ന് വിമാനക്കമ്പനികൾ

#വി. കൃഷ്ണാനന്ദ്
പ്രതീകാത്മക ചിത്രം | AI Generated Image | Google Gemini
പ്രതീകാത്മക ചിത്രം | AI Generated Image | Google Gemini

കരിപ്പൂർ : പശ്ചിമേഷ്യൻ സംഘർഷത്തിലെ അയവും കൂടുതൽ വിമാന കമ്പനികൾ സർവീസ് തുടങ്ങിയതും പ്രവാസികളെ തുണച്ചില്ല. ടിക്കറ്റ് നിരക്കിലെ കൊള്ള തുടർന്ന് വിമാനക്കമ്പനികൾ. 100 ശതമാനം വരെ ഉയർന്ന നിരക്കാണ് നിലവിൽ കമ്പനികൾ ഈടാക്കുന്നത്. 7500 രൂപ ടിക്കറ്റ് നിരക്കുണ്ടായിരുന്ന യു.എ.ഇ.യിലേക്ക് ഒരു ലക്ഷത്തിനു മുകളിലാണ് പല ദിവസങ്ങളിലും ഈടാക്കുന്നത്.

ഇതിനു പുറമേയാണ് വിമാനം റദാക്കുന്നതുമൂലമുള്ള പകൽക്കൊള്ള. ഇന്ത്യൻ വിമാന കമ്പനികളാണ് ഇക്കാര്യത്തിൽ മുന്നിൽ നിൽക്കുന്നത്. നിലവിൽ യു.എ.ഇ.യിലെ ദുബായ്, ഷാർജ, റാസൽ ഖൈമ തുടങ്ങിയ വിമാനത്താവളങ്ങളിൽനിന്ന് നാട്ടിലേക്കുള്ള ചുരുക്കം ചില സ്ഥലങ്ങളിലേക്കല്ലാതെ പല സെക്ടറിലേക്കും ഇന്ത്യൻ എയർലൈനുകൾ സർവീസ് നടത്തുന്നില്ല. എങ്കിലും ടിക്കറ്റുകൾ ഒഫീഷ്യൽ ഓൺലൈൻ വെബ്‌സൈറ്റുകളിലും മറ്റും സുലഭമാണ്. ഈ ടിക്കറ്റുകൾ വിശ്വസിച്ച് അത്യാവശ്യമായി നാട്ടിലെത്തേണ്ടവർ വൻ തുക നൽകി ടിക്കറ്റ് ബുക്ക് ചെയ്യുന്നു. ജോലി നഷ്ടമായവരും അടിയന്തര അവധി ആവശ്യമുള്ളവരും ഇതിലുണ്ട്. യാത്രയുടെ തലേ ദിവസം പലർക്കും വിമാനം റദ്ദാക്കിയതായി അറിയിപ്പ് ലഭിക്കും. റീഫണ്ടിനു പകരം ദിവസമാറ്റമാണ് കമ്പനികൾ അനുവദിക്കുന്നത്. ഇറങ്ങേണ്ട വിമാനത്താവള മാറ്റവും അനുവദിക്കും. റീഫണ്ട് ആവശ്യപ്പെടുന്ന യാത്രക്കാർക്ക് വിവിധ കിഴിവുകൾ കഴിഞ്ഞ് മുപ്പതു ശതമാനം തുകമാത്രമാണ് തിരിച്ചുനൽകുന്നത്.

സർവീസുകൾ നടക്കുന്ന കാര്യത്തിൽ ഉറപ്പില്ലാതെ ടിക്കറ്റുകൾ നൽകുകയും എഴുപത് ശതമാനംവരെ ടിക്കറ്റ് നിരക്ക് അനധികൃതമായി കീശയിലാക്കുകയുമാണ് ഇന്ത്യൻ വിമാനക്കമ്പനികൾ.

വിദേശ വിമാനക്കമ്പനികൾ ഇതിൽനിന്ന് വ്യത്യസ്തമാണെന്ന് യാത്രക്കാർ പറയുന്നു. ടിക്കറ്റ് നിരക്കുകൾ കൂടുതലാണെങ്കിലും വിമാനം റദ്ദാക്കൽ പരിമിതമാണെന്നും റദ്ദാക്കിയാൽത്തന്നെ ടിക്കറ്റ് നിരക്ക് കാര്യമായ കുറവില്ലാതെ തിരിച്ചു തരുന്നതായും ഇവർ പറയുന്നു.

Content Highlights: Flight ticket prices from UAE to India have surged by over 100% in 2026., Indian airlines are criticized for selling tickets for unconfirmed flights and cancelling them last minute., Refund policies are predatory, with airlines deducting up to 70% of the fare., International carriers maintain better reliability and refund transparency compared to Indian counterparts.