കട്ടമരത്തിൽ നിന്ന് വഴുതി കടലിൽ വീണു; വലയിൽ കുരുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: വലവിരിക്കുന്നതിനിടയിൽ കട്ടമരത്തിൽ നിന്ന് കാൽവഴുതി തലകീഴായി കടലിൽ വീണ മത്സ്യത്തൊഴിലാളി അതേ വലയിൽ കുരുങ്ങി മരിച്ചു. വിഴിഞ്ഞം പുതിയതുറ താഴെ വിളാകത്തിൽ സെബാസ്റ്റ്യന്റെയും ജെറോൺസിയയുടെയും മകൻ റോബിൻസൺ (36) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ ഒരുമണിയോടെ വലിയവേളി കടലിലായിരുന്നു അപകടം. മരിച്ച റോബിൻസൺ അടക്കമുളള 15 പേർ രണ്ട് വള്ളങ്ങളിലായാണ് തിങ്കളാഴ്ച വൈകീട്ട് വിഴിഞ്ഞത്ത് നിന്ന് വലിയവേളി കടലിലെത്തിയത്.
ഈ വള്ളങ്ങൾക്ക് അനുബന്ധമായി എത്തിച്ച ചെറുകട്ടമരത്തിൽ കയറി മീൻകാണപ്പെട്ട മേഖലയിൽ വലവിരിക്കുമ്പോൾ കാൽവഴുതി തലകീഴായി അതേ വലയിൽകുരുങ്ങിയായിരുന്നു അപകടം. നീന്തിക്കയറാനാകാതെ വലയിൽ കുടുങ്ങിപോകുകയായിരുന്നു. റോബിൻസണിനൊപ്പം എത്തിയിരുന്ന വള്ളക്കാരെത്തി വലയിൽ നിന്ന് പുറത്തെടുത്തു. തുടർന്ന് വള്ളത്തിൽക്കയറ്റി പുലർച്ചെ ഒന്നരയോടെ വിഴിഞ്ഞത്ത് എത്തിച്ചു. വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിഴിഞ്ഞം കോസ്റ്റൽ പോലീസ് കേസെടുത്തു. സഹോദരൻ: റോബിൻസൺ.
Content Highlights: A 36-year-old fisherman, Robinson from Vizhinjam, tragically drowned after slipping from a small catamaran while laying fishing nets off Valiyaveli coast and getting entangled upside down in the same net on Tuesday early morning.