വള്ളം തിരയിൽപ്പെട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം; നാലുപേർ നീന്തി രക്ഷപ്പെട്ടു

വിഴിഞ്ഞം (തിരുവനന്തപുരം): സൗത്ത് തുമ്പ കടപ്പുറത്തുനിന്ന് മീൻപിടിത്തത്തിനുപോയ വള്ളം മറിഞ്ഞ് തൊഴിലാളികളിൽ ഒരാൾ തിരയിൽപ്പെട്ട് മരിച്ചു. വലിയവേളി അലീന നിവാസിൽ ജോൺ ബോസ്‌കോ (61) ആണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് 4.45 ഓടെയാണ് അപകടം. വള്ളത്തിന്റെ ഉടമ അജി, തോമസ്, ഔസേപ്പ്, സഞ്ജീവ് എന്നിവർക്കൊപ്പമാണ് ജോൺ ബോസ്‌കോയും പോയത്. പെട്ടെന്നുണ്ടായ തിരയിൽപ്പെട്ട് ഇവരുടെ വള്ളം മറിയുകയായിരുന്നു.
വെള്ളത്തിൽ വീണ ഇവർ നീന്തിക്കയറിയെങ്കിലും ജോൺ ബോസ്‌കോ തിരയിൽപ്പെട്ട് അവശനായിരുന്നു. ഒപ്പമുള്ളവരെത്തി ജോൺ ബോസ്‌കോയെ കരയിലെത്തിച്ചു. തുടർന്ന് ചാക്കയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. വിഴിഞ്ഞം കോസ്റ്റൽ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. ഭാര്യ: മീന. മക്കൾ; ഷിബു, അലീന. കോസ്റ്റൽ പോലീസ് കേസെടുത്തു.
Content Highlights: Fatal boat accident at South Thumba beach, Victim identified as 61-year-old John Bosco, Four other fishermen survived the incident, Investigation initiated by Vizhinjam Coastal Police