താമരശ്ശേരിയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ ഫാക്ടറിയിൽ വൻ തീപ്പിടിത്തം

#ന്യൂസ് ഡെസ്ക്
പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിക്ക് തീപ്പിടിച്ചപ്പോൾ
പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിക്ക് തീപ്പിടിച്ചപ്പോൾ

കോഴിക്കോട്: താമരശ്ശേരിക്ക് സമീപം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ ഫാക്ടറിയിൽ വൻ തീപ്പിടിത്തം. പ്ലാന്റും കെട്ടിടവും പിക്കപ്പ് വാനും കത്തിനശിച്ചു. വ്യാഴാഴ്ച പുലർച്ചെ 3.30 ഓടെയാണ് സംഭവം.

തീപ്പിടത്തമുണ്ടാകുന്ന സമയത്ത് ഫാക്ടറിയിൽ തൊഴിലാളികൾ ആരും ഉണ്ടായിരുന്നില്ല. പല സ്ഥലങ്ങളിൽ നിന്നായി മാലിന്യങ്ങൾ എത്തിച്ച് സംസ്‌കരിക്കുന്ന ഇടമാണിത്. ഫാക്ടറിയിലെ മാലിന്യക്കൂമ്പാരത്തിന് തീപ്പിടിച്ചു എന്നാണ് സംശയിക്കുന്നത്. ഓഫീസ് ഉൾപ്പെടുന്ന മൂന്നു നില കെട്ടിടം പൂർണമായും കത്തിനശിച്ചു. അഗ്നിശമനാ സേനാംഗങ്ങൾ എത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തീ നിയന്ത്രണവിധേയമാണെന്നാണ് അഗ്നിരക്ഷാസേന അധികൃതർ അറിയിക്കുന്നത്.

തൊട്ടടുത്തുള്ള കെട്ടിടത്തിലും തീപ്പിടിച്ചിട്ടുണ്ട്. തീപ്പിടത്തമുണ്ടായത് എങ്ങനെയാണെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പുതുവത്സരാഘോഷത്തിൻ്റെ ഭാഗമായി റോഡിൽ നിന്നും ആരോ പൊട്ടിച്ച പടക്കം പ്ലാൻ്റിലേക്ക് തെറിച്ച് വീണതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പ്ലാന്റിനു മുന്നിൽ വെച്ച് പടക്കം പൊട്ടിച്ചതായി സമീപത്തു താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളും പറഞ്ഞു.വിശദമായ പരിശോധനകൾക്ക് ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരുകയുള്ളൂ.

നിലവിൽ ആറ് ഫയർ ഫോഴ്‌സ് യൂണിറ്റുകളാണ് സ്ഥലത്തുള്ളത്.സമീപപ്രദേശങ്ങളായ താമരശ്ശേരി, ഈങ്ങാപ്പുഴ എന്നിവിടങ്ങളിലൊന്നും ഫയർസ്റ്റേഷൻ ഇല്ലാത്തതാണ് തീപ്പിടത്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. ഇരുപതിൽ അധികം കിലോമീറ്റർ അകലെയുള്ള മുക്കം, നരിക്കുനി എന്നിവിടങ്ങളിൽ നിന്നും ഫയർ ഫോഴ്സ് വാഹനങ്ങൾ എത്താൻ മുക്കാൽ മണിക്കൂറിൽ അധികം സമയമെടുത്തു.

Content Highlights: fire broke out factory kozhikode