വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പ്ലാസ്റ്റിക് ഉപയോഗങ്ങൾക്ക് പിഴ

പ്രതീകാത്മക ചിത്രം | Photo: AFP
പ്രതീകാത്മക ചിത്രം | Photo: AFP

കാസർകോട്: ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലും പരിസരങ്ങളിലും ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉത്‌പന്നങ്ങൾ (ഡിസ്‌പോസിബിൾ പ്ലേറ്റ്, ഗ്ലാസ് മുതലായവ) ഉപയോഗിക്കുന്നത് കണ്ടെത്തുന്നതിനായി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് പരിശോധന നടത്തി. കുമ്പള ഗ്രാമപ്പഞ്ചായത്തിലെ നാങ്കി കൊപ്പളം കടലോരത്തുള്ള ഹോംസ്റ്റേയിൽ നിരോധിത പ്ലാസ്റ്റിക് ഉത്‌പന്നങ്ങൾ ഉപയോഗിക്കുന്നത് കണ്ടെത്തിയതിനെത്തുടർന്ന് ഉടമയ്ക്ക് 10,000 രൂപ പിഴചുമത്തി.

ബീച്ചിന് സമീപത്തെ കടയുടെ പരിസരം വൃത്തിയായി സൂക്ഷിക്കാതിരുന്നതിന് കടയുടമയ്ക്ക് 2000 രൂപയും വിവാഹ പാർട്ടികളിൽനിന്നും മറ്റും ശേഖരിച്ച മാലിന്യം സ്വന്തം പറമ്പിൽ അശാസ്ത്രീയമായരീതിയിൽ കൈകാര്യം ചെയ്തതിന് സ്വകാര്യ വ്യക്തിയിൽനിന്ന്‌ 2500 രൂപയും പിഴ ഈടാക്കി. പരിസരത്തെ റിസോർട്ടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തി.

കാസർകോട് കാർണിവൽ നടത്തിയ സ്ഥലത്ത് ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉൽപന്നങ്ങളും മാലിന്യവും കൂട്ടിയിട്ടത് കണ്ടെത്തിയതിനെ തുടർന്ന് സംഘാടകർക്ക് നഗരസഭ മുഖേന 10,000 രൂപ ചുമത്തിയിട്ടുണ്ട്. ജില്ലയിലെ എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളിലും വ്യത്യസ്ത സ്ക്വാഡുകൾ പരിശോധന നടത്തും. പരിശോധനയിൽ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് ലീഡർ കെ.വി. മുഹമ്മദ് മദനി, ഹെൽത്ത് ഇൻസ്പെക്ടർ കെ. സുജന, പി.വി. സൗമ്യ സ്ക്വാഡ് അംഗം ഇ.കെ.ഫാസിൽ എന്നിവർ പങ്കെടുത്തു.

Content Highlights: fine for single use plastic in kasargode tourist places