കോർപ്പറേഷനും മന്ത്രിയും തുണച്ചില്ല, എല്ലാംവിറ്റ് ഹോട്ടൽനടത്തി; ഒടുവിൽ അനന്തപുരി കഫേയ്ക്ക് പൂട്ടുവീണു

തിരുവനന്തപുരം: ഉച്ചയൂണിന് പ്രദേശവാസികൾ ആശ്രയിച്ചിരുന്ന ശ്രീകണ്ഠേശ്വരം ക്ഷേത്രം റോഡിലെ കുടുംബശ്രീ അനന്തപുരി കഫേയ്ക്ക് പൂട്ടുവീണു. ഉച്ചയൂണിനെത്തിയവർ കണ്ടത്, 'കഫേ നടത്താൻ കഴിയാത്ത സാഹചര്യത്തിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടുന്നു' എന്ന കുറിപ്പായിരുന്നു. കോവിഡ് കാലത്ത് തലസ്ഥാനത്ത് ആദ്യമായി ആരംഭിച്ച കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകളിൽ ഒന്നായിരുന്നു ഇത്.
കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകുന്നതുകൊണ്ട് സ്ഥിരം ഉപഭോക്താക്കളുടെ പിന്തുണ കടയ്ക്ക് ഉണ്ടായിരുന്നു. ആറ് വർഷം പിന്നിടുന്ന ഘട്ടത്തിലാണ് ഹോട്ടലിന് പൂട്ടുവീഴുന്നത്. 'ആവശ്യക്കാർ ഇല്ലാത്തതുകൊണ്ടല്ല, താങ്ങാനാവാത്ത കടം തലയ്ക്കുമുകളിൽ ഭാരമായി നിൽക്കുന്നതുകൊണ്ടാണ് ജനകീയ ഹോട്ടലിന്റെ അടുക്കളയിലെ തീയണഞ്ഞത്', നടത്തിപ്പുകാർ പറയുന്നു.
'കഴിഞ്ഞ മൂന്നുവർഷം, കടം വാങ്ങിയും സ്വന്തം ആഭരണങ്ങൾ പണയംവെച്ചും അടുക്കളയിലേക്കുള്ള സാധനങ്ങൾ വാങ്ങുകയും വൈദ്യുതിബില്ലും ഗ്യാസ് ബില്ലും അടക്കുകയും ചെയ്തു. എന്നാൽ, വൈദ്യുതി ബിൽ അടയ്ക്കാതിരുന്നതിനെത്തുടർന്ന് കഴിഞ്ഞ 31-ന് കെഎസ്ഇബി കണക്ഷൻ വിച്ഛേദിച്ചതോടെ മുന്നിൽ മറ്റു മാർഗ്ഗമില്ലാതായി', ജീവനക്കാർ പറയുന്നു.
സർക്കാർ തുടങ്ങിവച്ച ഒരു പദ്ധതി സർക്കാരും കോർപ്പറേഷനും തിരിഞ്ഞുനോക്കാതെ വന്നതോടെയാണ് ഈ അമ്മമാർ സ്വന്തമായി കൈയിൽനിന്ന് പണം എടുത്ത് ചിലവഴിക്കാൻ തുടങ്ങിയത്. കോർപ്പറേഷന് പരാതി നൽകിയിട്ട് മാസങ്ങൾ പിന്നിടുന്നു. ഹോട്ടലിന്റെ അവസ്ഥ വിശദീകരിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി. എന്നിട്ടും മറുപടിയൊന്നും ഉണ്ടായില്ലെന്ന് ഇവർ പറയുന്നു.
Content Highlights: Kudumbashree Ananthapuri Cafe in Sreekanteswaram closed down after six years of operation., Operators faced heavy debts, pawning jewelry to buy supplies and pay bills., Power supply was cut off by KSEB due to unpaid electricity bills., Lack of financial support or response from the government and corporation despite multiple petitions.