ശമ്പളംതന്നിട്ട് സംസാരിക്കെന്ന് KSRTC ഡ്രൈവർ, അശ്ലീല ആംഗ്യം കാണിച്ചെന്ന് മേയർ; നടുറോഡിൽ വാക്കുതർക്കം

മേയറും കെ.എസ്.ആർ.ടി.സി ഡ്രൈവറും തമ്മിലുള്ള തർക്കത്തിൽ നിന്ന്
മേയറും കെ.എസ്.ആർ.ടി.സി ഡ്രൈവറും തമ്മിലുള്ള തർക്കത്തിൽ നിന്ന്

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി ഡ്രൈവറും തമ്മില്‍ നടുറോഡില്‍ വാക്കേറ്റം. മേയറും കുടുംബവും സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിന് സൈഡ് നൽകാത്തതാണ് തർക്കത്തിൽ കലാശിച്ചത്. ശനിയാഴ്ച രാത്രി 9.45-ന് തിരുവനന്തപുരം പ്ലാമൂട് വെച്ചാണ് സംഭവം. 

വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് മേയർ ആര്യാ രാജേന്ദ്രൻ കെ.എസ്.ആർ.ടി.സി ബസ് തടയുകയായിരുന്നു. മേയറും ഒപ്പമുണ്ടായിരുന്നവരും ഡ്രൈവറെ ചോദ്യംചെയ്യാൻ ആരംഭിച്ചതോടെ വാക്കുതർക്കമായി. ശമ്പളം തന്നിട്ട് സംസാരിക്കെന്ന് ഡ്രൈവർ പറയുന്നത് വീഡിയോയിൽ കേൾക്കാം. തങ്ങൾക്കെതിരെ ഡ്രൈവർ അശ്ലീല ആം​ഗ്യം കാണിച്ചെന്ന് മേയർ ആരോപണം ഉന്നയിച്ചു. മേയർക്കൊപ്പം ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എയും വാഹനത്തിലുണ്ടായിരുന്നു. 

കെ.എസ്.ആര്‍.ടി. സി ബസ് അമിതവേഗത്തിലെത്തി മേയറുടേയും മറ്റൊരു വാഹനത്തിൽ തട്ടുന്നതിന് സമാനമായ സാഹചര്യത്തില്‍ കടന്നുപോയതായും പറയുന്നുണ്ട്. ഇതിനിടെ, ആര്യയ്ക്കുനേരെ ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചുവെന്നാണ് ആരോപണം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള തീരുമാനത്തിലാണ് പോലീസ്. 

ശനിയാഴ്ച രാത്രിതന്നെ മേയര്‍ പോലീസിൽ പരാതി നല്‍കിയിരുന്നു. അപകടകരമായ രീതിയില്‍ ബസ് ഓടിച്ചതിനെതിരെയാണ് പരാതി. മേയര്‍ക്കും എം.എല്‍.എ സച്ചിന്‍ദേവിനുമെതിരെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചതിനും കേസുണ്ട്. സംഭവത്തിൽ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ യദുവിനെതെരെ പോലീസ് കേസെടുത്തു. അതേസമയം, ട്രിപ്പ് മുടക്കിയെന്ന് ചൂണ്ടിക്കാട്ടി മേയർക്കെതിരെ ഡ്രൈവർ നൽകിയ പരാതിയിൽ കെസെടുക്കാൻ പോലീസ് തയ്യാറായിട്ടില്ല. 

Content Highlights: fight between arya rajendran and ksrct driver