അരിയുടെ വിലക്കയറ്റം തടയാൻ FCI വഴി കിലോയ്ക്ക് 28 രൂപയ്ക്ക് അരി; ഉപഭോക്തൃസംഘങ്ങൾക്കും ഹോട്ടലുകൾക്കും ലാഭവഴി

കണ്ണൂർ: പൊതുവിപണിയിൽ അരിവിലക്കയറ്റം തടയാൻ ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീമുമായി (ഒഎംഎസ്എസ്) ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എഫ്‌സിഐ). വിപണിയിൽ കിലോയ്ക്ക് 50 രൂപവരെയായിരിക്കുമ്പോൾ 28 രൂപയ്ക്കാണ് എഫ്‌സിഐ അരി വിതരണം ചെയ്യുന്നത്. പച്ചരിയും പുഴുക്കലരി(വെള്ള)യുമാണ് പദ്ധതിയിലൂടെ ലഭിക്കുക.
ചരക്കുസേവന നികുതി (ജിഎസ്ടി) രജിസ്‌ട്രേഷനുള്ള ആർക്കും ആഴ്ചയിൽ ഒന്നുമുതൽ ഒൻപത് ടൺ വരെ അരി ലഭിക്കും. പാൻകാർഡിന്റെയും ആധാറിന്റെയും പകർപ്പിനൊപ്പം താത്പര്യപത്രവും പൂരിപ്പിച്ച് നൽകണം. പണമടച്ച് വാഹനവുമായി എത്തിയാൽ ഡിപ്പോകളിൽനിന്ന് അരി കയറ്റിക്കൊടുക്കും. സംസ്ഥാനത്തെ 26 ഡിപ്പോകളിൽ 15 എണ്ണം വഴി ഇതിനകം അരിവിതരണം തുടങ്ങിയിട്ടുണ്ട്. അരിയുടെ ദുരുപയോഗം തടയാനാണ് ഒഎംഎസ്എസ് ആഴ്ചയിൽ നിശ്ചിത ടണ്ണായി നിജപ്പെടുത്തിയിരിക്കുന്നത്. റസിഡന്റ്‌സ് അസോസിയേഷനുകൾക്കും ഹോട്ടലുകൾക്കും വൻതോതിൽ അന്നദാനം നടത്തുന്ന ക്ഷേത്രങ്ങൾക്കും പദ്ധതി ഉപയോഗിക്കാവുന്നതാണെന്ന് എഫ്‌സിഐ അധികൃതർ പറഞ്ഞു.
ചെറിയ തുകയ്ക്ക് ലഭിക്കുന്ന റേഷൻ അരി കടത്തി നിറവും മായവും ചേർത്ത് വ്യാജ ബ്രാൻഡുകളിൽ വിപണിയിലെത്തിക്കുന്ന സംഘം പ്രവർത്തിക്കുന്നതായി പരാതിയുണ്ട്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സിബിഐ നടത്തിയ പരിശോധനയിൽ അത്തരം റാക്കറ്റുകളെ കണ്ടെത്തിയിട്ടുമുണ്ട്. അത്തരം സംഘങ്ങളെ തടയാൻ ഒഎംഎസ്എസ് വഴി കഴിയുമെന്നാണ് എഫ്‌സിഐ കണക്കുകൂട്ടുന്നത്.
Content Highlights: FCI's Open Market Sale: Affordable Rice Initiative to Combat Price Hikes in Kerala