മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പ്രഖ്യാപിക്കണം; ആവശ്യവുമായി ഫാറൂഖ് കോളേജ് വഖഫ് ട്രൈബ്യൂണലിൽ

കൊച്ചി: മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന് പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഫാറൂഖ് കോളേജ് രംഗത്ത്. ഭൂമി വഖഫ് ആണെന്ന് അവകാശപ്പെടുന്ന സത്താർ സേട്ടിന്റേയും സിദ്ദിഖ് സേട്ടിന്റേയും പിന്മുറക്കാർക്ക് ഭൂമിയിൽ ഉടമസ്ഥാവകാശമില്ല. ഇത് തിരുവിതാംകൂർ രാജാവ് പാട്ടത്തിന് നൽകിയതാണെന്നും വഖഫ് ട്രൈബ്യൂണലിൽ ഫാറൂഖ് കോളേജ് നിലപാടെടുത്തു. മുനമ്പം ഭൂമി തർക്കത്തിൽ വഖഫ് സംരക്ഷണ സമിതിയെ കക്ഷി ചേർക്കരുതെന്നും ഫാറൂഖ് കോളേജ് ആവശ്യപ്പെട്ടു.
1902-ൽ തിരുവിതാംകൂർ രാജാവ് ഭൂമി പാട്ടത്തിന് നൽകിയ രേഖകൾ ഉണ്ടോ എന്ന് ട്രൈബ്യൂണൽ സിദ്ദിഖ് സേട്ടിന്റെ പിന്മുറക്കാരോട് ചോദിച്ചു. രാജാവ് ഇഷ്ടദാനം നൽകിയതാണെന്ന് ഇവർ ട്രൈബ്യൂണലിനെ അറിയിച്ചു. ഭൂമി നിയമപ്രകാരം രജിസ്റ്റർ ചെയ്ത് ലഭിച്ചിട്ടുണ്ട്. ഈ രേഖകൾ തങ്ങളുടെ പക്കലുണ്ടെന്നും അവർ വ്യക്തമാക്കി. മുനമ്പം ഭൂമി കേസിലെ കൂടുതൽ രേഖകൾ പരിശോധിക്കാൻ ട്രൈബ്യൂണൽ കേസ് ജനുവരി 25-ലേക്ക് മാറ്റി.
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നും തങ്ങൾക്ക് ഇഷ്ടദാനം കിട്ടിയ ഭൂമിയാണെന്നും ആയതിനാൽ ഭൂമി വിൽക്കാൻ തങ്ങൾക്ക് അവകശമുണ്ടെന്നും ജുഡീഷ്യൽ കമ്മിഷൻ മുമ്പാകെ ഫാറൂഖ് കോളേജ് നേരത്തെ വ്യക്തമാക്കിയിരുന്നു. മുനമ്പത്തേത് വഖഫ് ഭൂമിയല്ല. ഫാറൂഖ് കോളേജിന് ഇഷ്ടദാനമായി കിട്ടിയതാണ്. ആയതിനാൽ അത് ക്രയവിക്രയം നടത്തുന്നതിനുള്ള പൂർണ അധികാരം തങ്ങൾക്കുണ്ടെന്നും ഫാറൂഖ് കോളേജ് വ്യക്തമാക്കിയിരുന്നു.
Content Highlights: Farook College with a demand to declare that the munambam land is not a waqf land