റീസർവേയിൽ ഭൂമി നഷ്ടപ്പെട്ട കർഷകൻ സ്വയം വെടിവെച്ച് മരിച്ചനിലയിൽ

പൂഞ്ഞാർ: ഗൃഹനാഥനെ വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തി. പെരിങ്ങുളം തടവനാൽ ടി.കെ. ജോസി (52) ആണ് വീടിന് സമീപത്തെ പുരയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇതിന് സമീപത്തുനിന്ന് നാടൻതോക്കും കണ്ടെത്തിയിട്ടുണ്ട്.
സ്വയംവെടിെവച്ച് മരിച്ചതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സ്വന്തംഭൂമിയുടെ ഒരുഭാഗം റീസർവേയിൽ നഷ്ടമായതിന്റെ വിഷമത്തിലായിരുന്നു ജോസിയെന്ന് ബന്ധുക്കൾ മൊഴിനൽകിയതായി പോലീസ് പറഞ്ഞു. എന്നാൽ, ഇതുസംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ ലഭ്യമായില്ല.
തിങ്കളാഴ്ച പുലർച്ചെമുതൽ ജോസിയെ കാണാതായതിനെത്തുടർന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് 11 മണിയോടെ മൃതദേഹം കണ്ടെത്തിയത്. ഈരാറ്റുപേട്ട എസ്എച്ച്ഒ കെ.ജെ. തോമസിന്റെ നേതൃത്വത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: ജോളി. മക്കൾ: ആൽബിൻ ജോസി, ഡയോണ ജോസി.
മൃതദേഹം കമിഴ്‌ന്ന നിലയിലായിരുന്നു. മുഖത്തിനാണ് വെടിയേറ്റത്. മുഖം തകർന്നു. മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിൽ. തോക്ക് ഈരാറ്റുപേട്ട പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോട്ടയം എആർ ക്യാമ്പിലെ ആംസ് വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. വിളിക്കുക 1056, 0471 2552056)
Content Highlights: A farmer in Poonjar died by suicide, suspected to be due to land loss during a resurvey. Police are investigating. Read more about this tragic incident.