കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ അന്തരിച്ചു

യേശുദാസന്‍ | ചിത്രം മാതൃഭൂമി
യേശുദാസന്‍ | ചിത്രം മാതൃഭൂമി

കൊച്ചി: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ (83) അന്തരിച്ചു. പുലര്‍ച്ചെ 3:45-ഓടെയായിരുന്നു അന്ത്യം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. കോവിഡ് നെഗറ്റീവായിരുന്നെങ്കിലും ശ്വാസകോശത്തിലെ അണുബാധ രൂക്ഷമായതാണ് മരണകാരണം. 

മലയാളത്തിലെ രാഷ്ട്രീയ കാര്‍ട്ടൂണിസ്റ്റുകളില്‍ ഏറ്റവും ശ്രദ്ധേയനായ വ്യക്തിയായിരുന്നു അദ്ദേഹം. അശോകമാധുരിയിലൂടെയാണ് കാര്‍ട്ടൂണിസ്റ്റായുള്ള പ്രവര്‍ത്തനം ആരംഭിക്കുന്നത്. പിന്നീട് ജനയുഗത്തിലും മലയാള മനോരമയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കേരളത്തിലെ ആദ്യ പോക്കറ്റ് കാര്‍ട്ടൂണ്‍ രചയിതാവാണ് യേശുദാസന്‍. കേരള ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാനും കാര്‍ട്ടൂണ്‍ അക്കാദമി സ്ഥാപക ചെയര്‍മാനുമായിരുന്നു.

ആലപ്പുഴ ജില്ലയിലെ ഭരണിക്കാവില്‍ 1938 ജൂണ്‍ 12ന് ആണ് യേശുദാസന്‍ ജനിച്ചത്. കുന്നേല്‍ ചക്കാലേത്ത് ജോണ്‍ മത്തായിയും മറിയാമ്മയുമായിരുന്നു മാതാപിതാക്കള്‍. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദം നേടി. 

പ്രഥമദൃഷ്ടി, പോസ്റ്റ്‌മോര്‍ട്ടം, അണിയറ, വരയിലെ നായനാര്‍, വരയിലെ ലീഡര്‍, താഴേക്കിറങ്ങിവരുന്ന ഴ തുടങ്ങിയ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കെ.ജി. ജോര്‍ജ് സംവിധാനം ചെയ്ത പഞ്ചവടിപ്പാലം എന്ന ചിത്രത്തിന്റെ സംഭാഷണം രചിച്ചത് യേശുദാസനാണ്. എന്റെ പൊന്നുതമ്പുരാന്‍ എന്ന ചിത്രത്തിന് തിരക്കഥയും എഴുതിയിട്ടുണ്ട്.

മികച്ച കാര്‍ട്ടൂണിസ്റ്റിനുള്ള സംസ്ഥാന പുരസ്‌കാരം നിരവധി തവണ കരസ്ഥമാക്കിയിട്ടുണ്ട്. എന്‍.വി. പൈലി പുരസ്‌കാരം, സ്വദേശാഭിമാനി പുരസ്‌കാരം, വി. സാംബശിവന്‍ സ്മാരക പുരസ്‌കാരം, ബി.എം ഗഫൂര്‍ കാര്‍ട്ടൂണ്‍ അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

മേഴ്‌സിയാണ് ഭാര്യ. മക്കള്‍: സാനു വൈ. ദാസ്, സേതു വൈ. ദാസ്, സുകുദാസ്‌

Content Highlights: Famous cartoonist Yesudasan passes away

Content Highlights: