സൗജന്യ നെയ്യ്, ബസ്മതി അരി വിതരണം; പ്രചരിക്കുന്ന പോസ്റ്റർ വ്യാജം; റേഷൻകടകളിൽ ‘പെരുന്നാൾ സമ്മാനമില്ല’

തൃക്കരിപ്പൂർ: 'പെരുന്നാൾ സമ്മാനം' അന്വേഷിച്ച് റേഷൻകടയിലേക്ക് പോകാൻ വരട്ടെ. റേഷൻകടകൾ വഴി സൗജന്യ നെയ്യ്, ബസ്മതി അരി വിതരണമുണ്ടെന്ന മട്ടിൽ പ്രചരിക്കുന്ന പോസ്റ്റർ വ്യാജമാണ്. യു.ഡി.എഫ്. സർക്കാരിന്റെ വലിയ പെരുന്നാൾ സമ്മാനമായി റേഷൻകടകൾവഴി നെയ്യും ബസ്മതി അരിയും സൗജന്യമായി വിതരണം ചെയ്യുമെന്നാണ് പ്രചാരണം.
ഓരോ റേഷൻകാർഡ് ഉടമയ്ക്കും അഞ്ചുകിലോ ബസ്മതി അരിയും രണ്ടുകിലോ ശുദ്ധമായ നെയ്യും നാളെ മുതൽ റേഷൻകടകളിൽ വിതരണം തുടങ്ങുമെന്നാണ് പോസ്റ്ററിൽ പറയുന്നത്. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്ററിൽ മുഖ്യമന്ത്രി വി.ഡി.സതീശന്റെ ഫോട്ടോയുമുണ്ട്. എന്നാൽ സിവിൽ സപ്ലൈസ് വകുപ്പ് ഇക്കാര്യം അറിഞ്ഞിട്ടുപോലുമില്ല.
വ്യാജ പോസ്റ്റർ കണ്ട നിരവധി ഉപഭോക്താക്കൾ ഇതിനോടകം ജില്ലയിലെ വിവിധയിടങ്ങളിലെ റേഷൻകടകളിൽ 'സൗജന്യ സാധനങ്ങൾ' വാങ്ങാനെത്തി. റേഷൻ വ്യാപാരികൾ യാഥാർഥ്യം പറഞ്ഞപ്പോഴാണ് പലരും വ്യാജ പ്രചാരണമാണെന്ന് തിരിച്ചറിഞ്ഞതു പോലും. വ്യാജ പ്രചാരണത്തിനെതിരേ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ (എ.കെ.ആർ.ആർ.ഡി.എ.) ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. പോസ്റ്ററിന്റെ ഉറവിടം കണ്ടെത്തി നടപടിയെടുക്കണമെന്ന് റേഷൻ വ്യാപാരികൾ ആവശ്യപ്പെട്ടു.
Content Highlights: Viral social media post regarding free ghee and basmati rice is confirmed as fake., No such distribution program exists under the Civil Supplies Department., Kerala Retail Ration Dealers Association (AKRRDA) has registered a strong protest., Public advised to verify news through official government channels.