ഓണവിപണി ലക്ഷ്യമാക്കി തമിഴ്‌നാട് മാഫിയ; ഓഫറിൽ വില കുറച്ച് വിൽക്കും മായംകലർന്ന വെളിച്ചെണ്ണ

വടകര: ഓണം വിപണിയിൽ വ്യാജ വെളിച്ചെണ്ണ ഒഴുക്കാൻ ലക്ഷ്യമിട്ട് തമിഴ്‌നാട് മാഫിയ. വെളിച്ചെണ്ണയ്ക്ക് ഉയർന്ന വിലയുള്ളതിനാൽ ഓഫറെന്ന പേരിൽ വിലകുറച്ച് മായംചേർത്ത വെളിച്ചെണ്ണ വിൽക്കാനാണ് നീക്കം. വെളിച്ചെണ്ണയ്ക്ക് സബ്‌സിഡി നൽകുന്ന വിപണിയിൽപ്പോലും കടന്നുകയറാൻ ഇത്തരം സംഘങ്ങൾ ശ്രമംനടത്തുന്നുണ്ട്. സർക്കാർ ഏജൻസികൾക്ക് വെളിച്ചെണ്ണ നൽകുന്നവരെ സ്വാധീനിച്ച് അവരുടെ വെളിച്ചെണ്ണ തിരുകിക്കയറ്റാനാണ് ശ്രമം.
ബ്രാൻഡ് പറഞ്ഞാൽമതി, വെളിച്ചെണ്ണ ഒഴുകിയെത്തും...
ഒരു ക്വിന്റൽ കൊപ്രയ്ക്ക് ഇപ്പോൾ കേരളത്തിൽ 17,000 രൂപയുണ്ട്. ഇത് ആട്ടിയാൽ 66 ലിറ്റർ വെളിച്ചെണ്ണ കിട്ടും. ലിറ്ററിന് 280 രൂപ പ്രകാരം 66 ലിറ്റർ വെളിച്ചെണ്ണ വിറ്റാൽ കിട്ടുക 18,480 രൂപ. മെച്ചം നാമമാത്രം. ഉത്പാദനച്ചെലവും കൂടി കൂട്ടിയാൽ മെച്ചമൊന്നുമുണ്ടാകില്ല. ലിറ്ററിന് 310, 320 രൂപയ്ക്ക് വിറ്റാലേ എന്തെങ്കിലും മെച്ചം കിട്ടൂ. ഈ സാഹചര്യമാണ് തമിഴ്‌നാട് ലോബി മുതലെടുക്കുന്നത്. ഗുണനിലവാരം കുറവായതിനാൽ തമിഴ്‌നാട്ടിൽ കൊപ്രയ്ക്ക് കേരളത്തെക്കാൾ വില കുറവാണ്. ഇതിനുപുറമേയാണ് മായംചേർക്കൽ. ഇതും കൂടിയാകുമ്പോൾ ലിറ്ററിന് 280-240 രൂപയ്ക്ക് അവർ വെളിച്ചെണ്ണ എത്തിക്കും. തേങ്ങ സംഭരിച്ച് കൊപ്രയാക്കി വെളിച്ചെണ്ണ ഉത്പാദിപ്പിക്കാനൊന്നും മെനക്കെടേണ്ടാ. ബ്രാൻഡ് നെയിം നൽകിയാൽ മതി. ആ പൗച്ചിൽ വെളിച്ചെണ്ണ പറയുന്നിടത്ത് എത്തിച്ചുതരും. കേരളീയനാമത്തിലാണ് ഇത്തരം വെളിച്ചെണ്ണ ഇറങ്ങുന്നതെങ്കിലും ഉറവിടം തമിഴ്‌നാടാണ്. ഇടനിലക്കാർ കൈനനയാതെ ലാഭമുണ്ടാക്കും.
ഓണത്തിന് മുന്നോടിയായി തമിഴ്‌നാട് ലോബിയുടെ മാർക്കറ്റിങ് സംഘം സജീവമാണ് കേരളത്തിൽ. ഇവരുടെ ഓഫറിൽ വീഴാതെ പിടിച്ചുനിൽക്കുന്ന സ്ഥാപനങ്ങൾക്ക് വില കുറഞ്ഞ വെളിച്ചെണ്ണ വലിയഭീഷണിയായിട്ടുണ്ട്. ഗുണനിലവാരം നോക്കി വെളിച്ചെണ്ണ വാങ്ങുന്നവരാണ് ഇവരുടെ ആശ്രയം
മായംചേർക്കലിന് പഴുതുണ്ട്...
വെളിച്ചെണ്ണയിലെ മായംചേർക്കലിന് വഴിയൊരുക്കുന്നതിൽ പ്രധാനം തേങ്ങാപ്പിണ്ണാക്കിന്റെ നിയന്ത്രണമില്ലാത്ത ഇറക്കുമതിയാണ്. ഓരോ വർഷം കഴിയുന്തോറും ഇറക്കുമതി വർധിക്കുകയാണ്. 1.72 ലക്ഷം ടണ്ണാണ് കഴിഞ്ഞവർഷം ഇറക്കുമതി ചെയ്തത്. വെളിച്ചെണ്ണയുടെ അംശം നിലനിർത്തി ഇറക്കുമതിചെയ്യുന്ന പിണ്ണാക്ക് ലായകങ്ങൾ ചേർത്ത് വീണ്ടും ആട്ടി വെളിച്ചെണ്ണയെടുക്കും. ഈ വെളിച്ചെണ്ണയാണ് മായംചേർക്കലിന് വ്യാപകമായി ഉപയോഗിക്കുന്നതെന്ന് കമ്മിഷൻ ഫോർ അഗ്രിക്കൾച്ചറൽ കോസ്റ്റ് ആൻഡ് പ്രൈസസ് (സി.എ.സി.പി.) പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു.
മറ്റു രാജ്യങ്ങളിൽനിന്ന് വെളിച്ചെണ്ണ ഒളിച്ചുകടത്തുന്ന മാർഗമാണിത്. വെളിച്ചെണ്ണ ഇറക്കുമതിചെയ്യാൻ 35 ശതമാനം ചുങ്കം നൽകണം. പിണ്ണാക്കിന് ചുങ്കം 15 ശതമാനം മാത്രം. രാജ്യത്ത് വെളിച്ചെണ്ണ വിലകൂടിയ ശേഷമാണ് പിണ്ണാക്ക് ഇറക്കുമതി കൂടിയത്. രാജ്യം ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന നാളികേര ഉത്പന്നം തേങ്ങാപ്പിണ്ണാക്കാണ്. കഴിഞ്ഞവർഷംമാത്രം 337 കോടി രൂപ മൂല്യമുള്ള പിണ്ണാക്ക് ഇറക്കി. ഇതിനു പിന്നിൽ വ്യാജവെളിച്ചെണ്ണ മാഫിയയാണെന്നാണ് വിലയിരുത്തൽ.
Content Highlights: Tamil Nadu mafia is targeting the Kerala Onam market with cheap, adulterated coconut oil. Low-quality copra and solvent-extracted coconut cake imports facilitate widespread adulteration. Fake branded pouches with Kerala names are being distributed at lower rates, threatening genuine local producers.