സ്കൂൾ അധികൃതരെ വട്ടംകറക്കി വ്യാജ സർക്കുലർ; സർക്കുലർ കണ്ടതോടെ ക്ലാസുകൾ മാറ്റിവെച്ച് അധ്യാപകർ

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

കക്കട്ടിൽ: പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഡിജിറ്റൽ ഒപ്പ് വ്യാജമായി രേഖപ്പെടുത്തി തയ്യാറാക്കിയ വ്യാജ സർക്കുലർ അധ്യാപകർക്ക് തലവേദനയായി. ശ്രീനാരായണഗുരു സമാധി ദിനത്തോടനുബന്ധിച്ച് വിദ്യാലയങ്ങൾക്ക് അവധി ബാധകമാക്കുന്നത് സംബന്ധിച്ചാണ് സർക്കുലർ.

അവധി ദിനത്തിൽ വിദ്യാർത്ഥികൾക്കായി വിദ്യാലയങ്ങളിൽ പ്രത്യേക ക്ലാസുകളോ, മോഡൽ പരീക്ഷകളോ, കലാകായിക മത്സരങ്ങളോ സംഘടിപ്പിക്കാൻ പാടില്ലെന്ന് വ്യക്തമാക്കിയാണ് സർക്കുലർ ഇറക്കിയത്. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച സർക്കുലർ കണ്ടതോടെ തീരുമാനിച്ച ക്ലാസുകൾ മാറ്റിവെച്ചതായുള്ള അറിയിപ്പ് കുട്ടികൾക്ക് അധ്യാപകർ നൽകി. നിർദ്ദേശം ലംഘിക്കുന്ന വിദ്യാലയങ്ങൾക്കെതിരെ ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർമാർ ശക്തമായ നടപടി സ്വീകരിക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കിയിരുന്നു.

സെപ്റ്റംബർ 19ന് ആണ് സർക്കുലർ തീയതി രേഖപ്പെടുത്തിയിരിക്കുന്നത്. സർക്കുലർ ശ്രദ്ധയിൽ പെട്ടതോടെ ബന്ധപ്പെട്ടവർ പരാതി നൽകിയിട്ടുണ്ട്.

Content Highlights: A fake circular with a forged digital signature of the Public Education Director surfaced in Kakkattil., The circular falsely regulated school activities and holiday rules for Sree Narayana Guru Samadhi day., Teachers cancelled planned classes and model exams before realizing the circular was fake., Authorities have filed a formal complaint regarding the circulated fake document dated September 19.