വ്യാജ സര്‍ട്ടിഫിക്കറ്റ്: വിദ്യ വീണ്ടും അറസ്റ്റില്‍, തെളിവ് നശിപ്പിക്കല്‍ കുറ്റവും ചുമത്തി, ജാമ്യം

നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്ത കെ. വിദ്യയെ കോടതിയിലേക്ക് കൊണ്ടു പോകുന്നു |ഫോട്ടോ:രാമനാഥ് പൈ/മാതൃഭൂമി
നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്ത കെ. വിദ്യയെ കോടതിയിലേക്ക് കൊണ്ടു പോകുന്നു |ഫോട്ടോ:രാമനാഥ് പൈ/മാതൃഭൂമി

കാസര്‍കോട്: വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചെന്ന കേസില്‍ എസ്എഫ്‌ഐ മുന്‍ നേതാവ് കെ.വിദ്യ വീണ്ടും അറസ്റ്റിലായി. കരിന്തളം ഗവ.കോളേജില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കേസില്‍ നീലേശ്വരം പോലീസാണ് വിദ്യയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.കോടതിയില്‍ ഹാജരാക്കിയ വിദ്യക്ക് ജാമ്യം ലഭിക്കുകയും ചെയ്തു. ഈ മാസം 30ന് ഹാജരാകണം എന്ന് നിര്‍ദേശിച്ചുകൊണ്ടാണ് ഹൊസ്ദുര്‍ഗ് കോടതി ജാമ്യം അനുവദിച്ചത്.

അട്ടപ്പാടി കോളേജില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസില്‍ നേരത്തെ അഗളി പോലീസ് അറസ്റ്റ് ചെയത വിദ്യക്ക് ജാമ്യം ലഭിച്ചിരുന്നു. ശനിയാഴ്ചയാണ് മണ്ണാര്‍ക്കാട് കോടതി ഉപധികളോടെ ജാമ്യം അനുവദിച്ചത്. ഇതിന് പിന്നാലെയാണ് ഇന്ന് നീലേശ്വരം പോലീസ് വിദ്യയെ അറസ്റ്റ് ചെയ്തത്.

കരിന്തളം ഗവ.കോളേജിലാണ് വിദ്യ ആദ്യം വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്. ഇവിടെ ഒരു വര്‍ഷം പഠിപ്പിക്കുകയും ചെയ്തിരുന്നു. തെളിവ് നശിപ്പിക്കല്‍ കുറ്റവും പോലീസ് വിദ്യക്കെതിരെ ചുമത്തിയിട്ടുണ്ട്.

Content Highlights: Fake certificate-K.Vidya arrested again