മുൻ എം.എൽ.എ. എ.രാജ പരിവർത്തിത ക്രൈസ്തവനെന്ന് കിർത്താഡ്സ്; നാമനിർദേശപത്രികയിൽ നൽകിയത് വ്യാജ ജാതി സർട്ടിഫിക്കറ്റ്

തൊടുപുഴ: ദേവികുളം മുൻ എം.എൽ.എ. അഡ്വ. എ.രാജ, ക്രിസ്തുമതത്തിലേക്ക് മാറിയ പട്ടികജാതിവിഭാഗക്കാരനാണെന്ന് കിർത്താഡ്സ് (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച്, ട്രെയിനിങ് ആൻഡ് ഡിവലപ്മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ്സ് ആൻഡ് ഷെഡ്യൂൾഡ് ട്രൈബ്സ്) വിജിലൻസ് കണ്ടെത്തി. ഹിന്ദു പറയവിഭാഗത്തിൽപ്പെട്ട ആളാണെന്ന്, നാമനിർദേശപത്രികയിൽ ഇദ്ദേഹം അവകാശപ്പെട്ടിരുന്നു. ദേവികുളം സംവരണമണ്ഡലവും ആണ്. എ.രാജ അവകാശപ്പെട്ട ജാതി/സമുദായ പദവി തെറ്റാണെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.
പട്ടികജാതി വിഭാഗക്കാർക്ക് സംവരണംചെയ്ത ദേവികുളം മണ്ഡലത്തിൽ ഇതരവിഭാഗക്കാരനായ എ.രാജ 2021-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ വ്യാജരേഖകൾ ചമച്ച് മത്സരിച്ചുവെന്നുകാട്ടി, എതിർസ്ഥാനാർഥി ഡി. കുമാർ നൽകിയ പരാതിയിലാണ് അന്വേഷണം നടന്നത്. സുപ്രിംകോടതിവരെ തുടർന്ന നിയമപോരാട്ടത്തിന് ശേഷമാണ് അദ്ദേഹം കിർത്താഡ്സിനെ സമീപിച്ചത്.
2021-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ എ.രാജ 7,848 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസിലെ ഡി.കുമാറിനെ പരാജയപ്പെടുത്തിയത്. തുടർന്ന് ഡി.കുമാർ ഹൈക്കോടതിയെ സമീപിച്ചു. എ.രാജ പട്ടികജാതി വിഭാഗക്കാരനല്ലെന്ന് ഡി.കുമാർ വാദിച്ചു. എ.രാജ പരിവർത്തിത ക്രിസ്ത്യാനിയാണെന്നും തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നും ആയിരുന്നു കുമാറിന്റെ ആവശ്യം. എ.രാജയുടെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കി. തുടർന്ന് എ. രാജ സുപ്രിംകോടതിയ സമീപിച്ചു. ഇവിടെ വിധി എ. രാജയ്ക്ക് അനുകൂലമായിരുന്നു. നിയമസഭാംഗത്വം പുനഃസ്ഥാപിച്ചു.
തുടർന്നാണ് കേരളത്തിൽ ജാതിസർട്ടിഫിക്കറ്റിന്റെ നിജസ്ഥിതി അന്വേഷിക്കാൻ അധികാരമുള്ള കിർത്താഡ്സിനെ ഡി.കുമാർ സമീപിച്ചത്. വിദഗ്ധസമിതി, അന്വേഷണം നടത്തി രാജ പരിവർത്തിത ക്രിസ്ത്യാനിയാണെന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ എ.രാജ പ്രതികരിച്ചിട്ടില്ല.
സത്യം ജയിച്ചെന്ന് ഡി. കുമാർ
എത്ര വൈകിയാലും സത്യം തെളിയുമെന്ന് വിശ്വാസമുണ്ടായിരുന്നുവെന്ന് ഡി.കുമാർ പ്രതികരിച്ചു. ഇദ്ദേഹം ഇപ്പോൾ ഇടുക്കി ഡി.സി.സി. വൈസ് പ്രസിഡന്റാണ്.
എം.എൽ.എ. എന്ന നിലയിൽ എ.രാജ അനധികൃതമായി കൈപ്പറ്റിയ ആനുകൂല്യങ്ങൾ തിരിച്ചുപിടിക്കണമെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി എസ്.അശോകൻ തൊടുപുഴയിൽ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കിർത്താഡ്സ് വിജിലൻസ് ഓഫീസർ, ഈ റിപ്പോർട്ട് സ്ക്രൂട്ണി കമ്മിറ്റിക്ക് സമർപ്പിച്ചിട്ടുണ്ട്. ഈ കമ്മിറ്റി തുടർനടപടി സ്വീകരിക്കണമെന്നും അശോകൻ പറഞ്ഞു. അഡ്വ. റെജി ജി.നായരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Content Highlights: Allegations of a fake caste certificate surface in Devikulam, questioning the legitimacy of former MLA A. Raja's election victory in 2021.