എക്സൽ 2025: ലോഗോ പ്രകാശനം നിർവഹിച്ചു

എക്‌സല്‍ 2025: ലോഗോ പ്രകാശനം
എക്‌സല്‍ 2025: ലോഗോ പ്രകാശനം

തൃക്കാക്കര ഗവ. മോഡൽ എഞ്ചിനീയറിംഗ് കോളേജിൻ്റെ വാർഷിക ടെക്നോ മാനേജീരിയൽ ഫെസ്റ്റായ എക്സൽ 2025 പതിപ്പിൻ്റെ ലോഗോ പ്രകാശനം ചെയ്തു. വിവിധയിനം ശാസ്ത്ര - കലാപരിപാടികൾ, കോൺഫറൻസുകൾ, വർക്ക് ഷോപ്പുകൾ ഉൾപ്പെടുന്ന ദേശീയതല ശാസ്ത്ര - സാങ്കേതിക മേളയായ എക്സലിന് ഇതോടുകൂടി തുടക്കം കുറിച്ചു. 

അർജുൻ അശോകൻ, ബാലു വർഗീസ്, സംവിധായകൻ വിഷ്ണു ശശി ശങ്കർ എന്നിവരടങ്ങുന്ന വൻ താരനിര പ്രകാശനം നിർവഹിച്ചു. മൈക്രോസോഫ്റ്റിൽ സീനിയർ UX എഞ്ചിനീയറായ ജോബി ജോയ്  വെബ്സൈറ്റിൻ്റെ ഉദ്ഘാടനവും, ഡെനാഡ സിസ്റ്റംസ് എന്ന സ്റ്റാർട്ടപ്പിൻ്റെ സ്ഥാപകനും ഡയറക്ടറുമായ മുഹമ്മദ് ഷുഹാദ്  മെർച്ചണ്ടൈസ് പ്രകാശനവും നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. ജയചന്ദ്രൻ ഇ.എസ്. അധ്യക്ഷത വഹിച്ചു. എക്സൽ ഇൻചാർജ് ഡോ. ബിന്ദു വി. സ്വാഗത പ്രസംഗം നിർവഹിച്ചു. തുടർന്ന് സുമതി വളവ് എന്ന ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായി താരങ്ങൾ അണി നിരന്നു.

മേളയുടെ 26 - ാമത് പതിപ്പാണ് ഈ വർഷം അവതരിപ്പിക്കുന്നത്. വളരെ വ്യത്യസ്തമായ രീതിയിലുള്ള ലോഗോ ലോഞ്ച് അവതരണത്തിനെ വിദ്യാർത്ഥികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു. താൻ ഇത്തരമൊരു ലോഗോ ലോഞ്ച് ആദ്യമായാണ് കാണുന്നതെന്നും എക്സലിന് ആശംസകൾ നേർന്ന് കൊണ്ട് അർജുൻ അശോകൻ പ്രതികരിച്ചു.

Content Highlights: excel 2025 logo launch