ചോർച്ച വ്യാപകം; ചോദ്യക്കടലാസിന് ഡിജിറ്റൽ പൂട്ടിടാൻ വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ചോദ്യക്കടലാസ് ചോര്‍ച്ച വ്യാപകമായതോടെ, സ്‌കൂള്‍ പരീക്ഷയ്ക്ക് ഡിജിറ്റല്‍ പൂട്ടിടാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ്. ഇതിനായി 'ഓട്ടോമേറ്റഡ് ക്വസ്റ്റ്യന്‍ പേപ്പര്‍ ജനറേറ്റിങ് സിസ്റ്റം' എന്ന സോഫ്റ്റ്വേര്‍ തയ്യാറാക്കും. പരീക്ഷാദിവസംമാത്രം ചോദ്യക്കടലാസ് ഡിജിറ്റലായി സ്‌കൂളുകള്‍ക്ക് ലഭ്യമാക്കുന്നതരത്തിലായിരിക്കും സോഫ്റ്റ്വേര്‍.
ചോദ്യക്കടലാസ് ചോര്‍ച്ച അന്വേഷിക്കുന്ന സമിതിയോട് പരീക്ഷ പരിഷ്‌കരിക്കാനുള്ള ശുപാര്‍ശനല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. എസ്.സി.ഇ.ആര്‍.ടി.യും മാര്‍ഗരേഖ തയ്യാറാക്കും.
യു.പി. തലംമുതല്‍ ഹയര്‍ സെക്കന്‍ഡറിവരെയുള്ള ക്ലാസുകളിലാണ് പരിഷ്‌കാരം. ചോദ്യക്കടലാസ് ലഭിക്കാന്‍ പ്രത്യേക സുരക്ഷാനമ്പര്‍ ഉണ്ടാവും. പരീക്ഷയ്ക്ക് ഏതാനും മണിക്കൂറുകള്‍മുന്‍പുമാത്രം ലഭിക്കുന്ന ചോദ്യക്കടലാസ് സ്‌കൂള്‍ അധികൃതര്‍ പ്രിന്റെടുത്ത് വിദ്യാര്‍ഥികള്‍ക്ക് നല്‍കണം. എല്ലാ വിഷയങ്ങളിലും ചോദ്യബാങ്ക് നിര്‍ബന്ധമാക്കും. ചോദ്യക്കടലാസ് തയ്യാറാക്കുന്നതില്‍ അധ്യാപകര്‍ക്ക്
പരിശീലനം നല്‍കും. ഓരോ വിഷയത്തിലും ഒട്ടേറെ സെറ്റ് ചോദ്യങ്ങള്‍ തയ്യാറാക്കി ചോദ്യബാങ്കിലിടും. ഇതില്‍ ഏതെങ്കിലുമൊന്നായിരിക്കും പരീക്ഷയ്ക്കുള്ള ചോദ്യാവലി. പല സെറ്റ് ചോദ്യക്കടലാസ് ഉള്ളതിനാല്‍ എല്ലാ സ്‌കൂളിലും ഒരേ വിഷയത്തില്‍ ഒരേ ചോദ്യക്കടലാസ് ആയിരിക്കില്ല ലഭിക്കുക. ചോര്‍ച്ച തടയാന്‍ ഇതു സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ചോദ്യക്കടലാസ് നിര്‍മാണം, അച്ചടി, വിതരണം തുടങ്ങിയവയ്ക്കുള്ള സാമ്പത്തികഭാരം ഒഴിവാക്കാനും ഡിജിറ്റല്‍ പരീക്ഷാരീതി സഹായകമാവും.
Content Highlights: Kerala to implement a digital question paper generation system to prevent exam leaks.