സിഎംആർഎൽ-എക്സാലോജിക് കേസ്: പിണറായിയുടെ പേരിൽ കൈക്കൂലിക്കുറ്റം നിലനിൽക്കുമെന്ന് നിയമോപദേശം

കൊച്ചി: സി.എം.ആർ.എൽ.- എക്സാലോജിക് പണമിടപാടു കേസിൽ മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ കൈക്കൂലിക്കുറ്റമടക്കം നിലനിൽക്കുമെന്ന് നിയമോപദേശം. അഴിമതി തടയൽ നിയമത്തിലെ (പി.സി. ആക്ട്) വകുപ്പ് ഏഴ് പ്രകാരമുള്ള കുറ്റമാണിത്. വകുപ്പ് 13 (1) ബി പ്രകാരമുള്ള കുറ്റവും നിലനിൽക്കുമെന്ന് നിയമോപദേശത്തിൽ പറയുന്നു. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിനുചുമത്തുന്ന വകുപ്പാണിത്.
ഈ വകുപ്പുകൾ പ്രകാരം എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുംമുൻപ് പ്രാഥമികാന്വേഷണം നടത്താനായിരിക്കും സർക്കാർ തീരുമാനിക്കുക. വിജിലൻസ് കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുംമുൻപ് പ്രാഥമികാന്വേഷണം വേണമെന്ന് ലളിതകുമാരി കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
അഡ്വക്കേറ്റ് ജനറൽ ജാജു ബാബു സർക്കാരിന് കൈമാറിയ നിയമോപദേശത്തിലാണ് ഈ വിവരങ്ങൾ. പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി. ആസഫലിയുമായി ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനത്തിലെത്തിയത്.
ഇല്ലാത്ത സേവനത്തിന് പിണറായിയുടെ മകൾ ടി. വീണയ്ക്ക് സി.എം.ആർ.എൽ. പണം നൽകിയതിലൂടെ വകുപ്പ് 7(2)-ഉം ബാധകമാകുമെന്നും നിയമോപദേശത്തിലുണ്ട്. പണംനൽകിയെന്ന് സി.എം.ആർ.എൽ. സ്ഥാപക എം.ഡി.യും ഉദ്യോഗസ്ഥരും ഇ.ഡി.ക്ക് മൊഴി നൽകിയിട്ടുണ്ട്. ഇന്ററിംസെറ്റിൽമെന്റ് ബോർഡിന്റെ റിപ്പോർട്ടിലും ഇക്കാര്യമുണ്ട്. മൂന്നാം കക്ഷിയിലൂടെ പണം കൈപ്പറ്റിയതിനു ചുമത്തുന്നതാണ് ഈ വകുപ്പ്.
മറിച്ച് തെളിയിക്കാനുള്ള ബാധ്യത പ്രതിക്കാകും. വരവിൽ കവിഞ്ഞ സ്വത്ത് കൈവശം വെച്ചതിന് വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിന്റെ പേരിൽ വകുപ്പ് 13 (1) ബി ബാധകമാകും. കൈക്കൂലി കൊടുത്തതിന് സി.എം.ആർ.എൽ. എം.ഡി. ശശിധരൻ കർത്തയുടെ പേരിലും വിജിലൻസ് കേസ് നിലനിൽക്കും.
ചെന്നിത്തലയുടെയും കുഞ്ഞാലിക്കുട്ടിയുടെയുംപേരിൽ കേസ് നിലനിൽക്കില്ല
ഡയറിയിലെ പേരല്ലാതെ മറ്റ് റിപ്പോർട്ടുകളോ ഇ.ഡി.ക്ക് മുന്നിൽ എതിരായ മൊഴിയോ ഇല്ലാത്തതിനാൽ മന്ത്രിമാരായ രമേശ് ചെന്നിത്തലയുടെയും കുഞ്ഞാലിക്കുട്ടിയുടെയും പേരിൽ വിജിലൻസ് കേസ് നിലനിൽക്കില്ലെന്നാണ് നിയമോപദേശം. വി.സി. ശുക്ല കേസിലെ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്. ഡയറിയിൽ പേരുണ്ടെന്നതിന്റെ പേരിൽ അഴിമതി തടയൽ നിയമപ്രകാരം കേസെടുക്കാനാകില്ലെന്നാണ് സുപ്രീംകോടതി ഈ കേസിൽ വ്യക്തമാക്കിയത്.