ഇ.എസ്.ഐ. റഫറൻസ് കാലാവധി കുറച്ചു; രോഗികൾക്ക് ദുരിതം; ഓരോ രോഗത്തിനും ഓരോ കാലാവധി

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലത്തൂർ: സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സ ആവശ്യമുള്ള രോഗികളെ വലച്ച് ഇ.എസ്.ഐ. കോർപറേഷൻ. അംഗീകൃത സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിലേക്ക് നേരത്തേ ആറുമാസത്തേക്ക് റഫറൻസ് ലഭിച്ചിരുന്നത് മൂന്നുമാസമായി കുറച്ചതോടെയാണ് രോഗികളും ബന്ധുക്കളും ബുദ്ധിമുട്ടിലായത്. അർബുദരോഗബാധിതർ ഉൾപ്പെടെ ഓരോ മൂന്നുമാസവും റഫറൻസിനായി ഇ.എസ്.ഐ. ആശുപത്രിയിൽ എത്തേണ്ട സ്ഥിതിയാണ്. തിരുവനന്തപുരം ആർ.സി.യിൽ ചികിത്സയിലിരിക്കുന്നവർവരെ ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നു. ഇ.എസ്.ഐ. ആശുപത്രിയിൽ എത്തിയാൽ സിസ്റ്റം തകരാറാണെന്നും സെർവർ ഡൗണാണെന്നുമുള്ള പതിവുപല്ലവികളാണെന്നും രോഗികളുടെ ബന്ധുക്കൾ പറയുന്നു.

ഇ.എസ്.ഐ. ആശുപത്രികളിൽ ചികിത്സാസംവിധാനമില്ലാത്ത രോഗങ്ങൾ ബാധിച്ചവർക്കാണ് അംഗീകൃത സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിലേക്ക് റഫറൻസ് നൽകുന്നത്. കേന്ദ്ര തൊഴിൽവകുപ്പിനു കീഴിലുള്ള ഇ.എസ്.ഐ. കോർപറേഷന്റെകൂടി സഹകരണത്തോടെയാണ് കുറഞ്ഞ ചെലവിലോ സൗജന്യമായോ ചികിത്സ ലഭ്യമാക്കുന്നത്.

ഓരോ രോഗത്തിനും ഓരോ കാലാവധി

ചികിത്സാകാലം കണക്കാക്കി ഓരോ രോഗത്തിനും ഓരോ കാലാവധിയിലേക്കാണ് റഫറൻസ് നൽകുന്നതെന്ന് പാലക്കാട് ഇ.എസ്.ഐ. ആശുപത്രി അധികൃതർ പറയുന്നു. ഇ.എസ്.ഐ. റീജണൽ ഓഫീസ് നൽകുന്ന എലിജിബിലിറ്റി സർട്ടിഫിക്കറ്റുകൂടി പരിഗണിച്ചാണ് ഇത് അനുവദിക്കുക. ഓഫീസ് സംവിധാനം പൂർണമായി ഓൺലൈനിലേക്ക് മാറ്റിയതിന്റെ ഭാഗമായ സാങ്കേതികപ്രശ്നങ്ങളും നേരിടുന്നുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം.

Content Highlights: ESI Corporation reduced specialty treatment referral validity from 6 months to 3 months., Patients, including cancer patients, face recurring hardships to renew referrals., Technical issues like server downtime at ESI hospitals are compounding patient delays., Hospital authorities cite new online eligibility certification processes as the reason.