കേരളത്തിന്റെ സ്‌നേഹലാളന ഏറ്റുവാങ്ങി 'കുഞ്ഞുനിധി' ഝാര്‍ഖണ്ഡിലേക്ക് യാത്ര തിരിച്ചു...

നിധിയുമായി ജാര്‍ഖണ്ഡിലേക്ക് യാത്ര തിരിക്കുന്ന സംഘം| photo: mbi news screen grab
നിധിയുമായി ജാര്‍ഖണ്ഡിലേക്ക് യാത്ര തിരിക്കുന്ന സംഘം| photo: mbi news screen grab

എറണാകുളം: കേരളം നെഞ്ചോട് ചേര്‍ത്ത് പകര്‍ന്ന് നല്‍കിയ സ്‌നേഹം ആവോളം ഏറ്റുവാങ്ങി കുഞ്ഞു'നിധി'  സ്വന്തം നാട്ടിലേക്ക് യാത്രയായി. കാക്കനാട് ശിശുക്ഷേമ വകുപ്പ നല്‍കിയ നിര്‍ദേശത്തിന്റെ  അടിസ്ഥാനത്തിലാണ് കുഞ്ഞിനെ ഝാര്‍ഖണ്ഡിലേക്ക് തന്നെ മാറ്റുന്നത്. ഇന്ന് രാവിലെ ധന്‍ബാദ് എക്‌സ്പ്രസില്‍ യാത്ര തിരിച്ച സംഘം കുഞ്ഞിനെ ഝാര്‍ഖണ്ഡ് ശിശുക്ഷേമ വകുപ്പിന് കൈമാറും. 

നിധിയെ ഏറ്റെടുക്കാന്‍ തയ്യാറാണ് എന്ന് മാതാപിതാക്കള്‍ അറിയിച്ചിരുന്നു. കുഞ്ഞിന്റെ ഭാവിക്ക് സ്വദേശത്ത് വളരുന്നതായിരിക്കും നല്ലത് എന്ന കാരണം കൂടി മുന്‍നിര്‍ത്തിയാണ് നിധിയെ ഝാര്‍ഖണ്ഡിലേക്ക് അയക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.  ആറ് മാസത്തോളമായി നിധി കേരളത്തിലെ അമ്മമാരുടെ സ്‌നേഹലാളനയില്‍ കഴിയുന്നു. ആറുമാസത്തിനിടയില്‍ കുഞ്ഞിന്റെ ആരോഗ്യസ്ഥിതി വളരെ അധികം മെച്ചപ്പെട്ടിട്ടുണ്ട്. 

നിധി സ്വന്തം സംസ്‌കാരം അറിഞ്ഞ് ജീവിക്കാന്‍ പോകുന്നു എന്നതില്‍ സന്തോഷമുണ്ട് എന്നാല്‍ കുഞ്ഞിനെ പിരിയുന്നതില്‍ സങ്കടവുമുണ്ട്. ശിശുസംരക്ഷണ  ഉദ്യോഗസ്ഥ കെ.എസ് സിനി പറഞ്ഞു. കുഞ്ഞിന്റെ മാതാപിതാക്കളുടെ സാമൂഹ്യപശ്ചാത്തലത്തെ കുറിച്ച് നടത്തിയ അന്വേഷണം തൃപ്തികരമാണ്. കൂടുതല്‍ സുരക്ഷ ഉറപ്പ് വരുത്താനാണ് ശിശുക്ഷേമ വകുപ്പിനെ ഏല്‍പ്പിക്കുന്നത് എന്നും കൂട്ടിച്ചേര്‍ത്തു.

നിധിക്കൊപ്പം മറ്റൊരു കുഞ്ഞ് കൂടി യാത്രയിലുണ്ട്. രണ്ട് പേര്‍ക്കൊപ്പവും ശിശുക്ഷേമവകുപ്പിലെ ഉദ്യോഗസ്ഥര്‍, പോലീസ് എന്നിവര്‍ അടങ്ങുന്ന സംഘവും ഉണ്ടാകും. 

ജനുവരി 29 ന് ജില്ലാ ആശുപത്രിയില്‍ വെച്ചാണ് ഝാര്‍ഖണ്ഡുകാരായ മാതാപിതാക്കള്‍ക്ക് നിധി പിറന്നത്. പൂര്‍ണവളര്‍ച്ച എത്താത്തതിനാല്‍ കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

എന്നാല്‍ മാതാപിതാക്കള്‍ അവിടെ വെച്ച് കുഞ്ഞിനെ ഉപേക്ഷിച്ച് പോവുകയായിരുന്നു. ചികിത്സക്ക് ആവശ്യമായ പണം ഇല്ലാത്തത് കൊണ്ടാണ് കുഞ്ഞിനെ ഉപേക്ഷിച്ചത് എന്നായിരുന്നു അവര്‍ പറഞ്ഞത്.  തുടര്‍ന്ന് കുഞ്ഞിന്റെ ചികിത്സ അടക്കം സര്‍ക്കാര്‍ ഏറ്റെടുത്ത് ജില്ല ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യമന്ത്രിയാണ് കുഞ്ഞിന് നിധി എന്ന പേര് നല്‍കിയത്. മാതാപിതാക്കള്‍ക്ക് എതിരെ പോലീസ് കേസ് എടുത്തിരുന്നു. പിന്നീട് ഇവര്‍ കുഞ്ഞിനെ ഏറ്റെടുക്കും എന്ന് അറിയിക്കുകയായിരുന്നു.

കോട്ടയത്തെ ഫിഷ് ഫാമില്‍ ജോലി ചെയ്തിരുന്ന ഝാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതിമാര്‍ പ്രസവത്തിനായി നാട്ടിലേക്ക് പോകുന്ന സമയത്താണ് ട്രെയിനില്‍വച്ച് ഭാര്യയ്ക്ക് അസ്വസ്ഥതകളുണ്ടായത്. തുടര്‍ന്ന് തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിക്കുകയും പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. 28 ആഴ്ച മാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞിന് ഒരുകിലോയില്‍ താഴെ മാത്രമേ ഭാരമുണ്ടായിരുന്നുള്ളൂ. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി കുഞ്ഞിനെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, അമ്മ സുഖം പ്രാപിച്ചതോടെ  കുഞ്ഞിനെ ആശുപത്രിയില്‍ ഉപേക്ഷിച്ച് ദമ്പതിമാര്‍ കടന്നുകളയുകയായിരുന്നു.


 

Content Highlights: After 6 months of care in Kerala, baby Nidhi, abandoned at birth, is returning to jharghand