എറണാകുളം-അങ്കമാലി അതിരൂപതയിൽ ക്രിസ്മസിന് സിനഡ് നിർദേശിച്ച കുർബാന; സെന്റ് മേരീസ് ബസലിക്ക തുറക്കും

കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയില്‍ ക്രിസ്മസ് ദിനത്തില്‍ സിനഡ് നിര്‍ദേശിച്ച കുര്‍ബാന അര്‍പ്പിക്കും. ഏകീകൃത കുര്‍ബാനയെ എതിര്‍ക്കുന്നവരും വത്തിക്കാന്‍ പ്രതിനിധിയുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. സെന്റ് മേരീസ് കത്തീഡ്രല്‍ ബസലിക്ക ക്രിസ്മസിനോടനുബന്ധിച്ച് തുറക്കാനും ധാരണയായിട്ടുണ്ട്. കുര്‍ബാന തര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി അടച്ചിട്ടിരിക്കുകയായിരുന്നു സെന്റ് മേരീസ് കത്തീഡ്രല്‍ ബസലിക്ക.
എറണാകുളം അങ്കമാലി അതിരൂപതകളിലെ കുര്‍ബാനയര്‍പ്പണ രീതി സംബന്ധിച്ച തര്‍ക്കം പരിഹരിക്കാനായി പേപ്പല്‍ ഡെലിഗേറ്റ് ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസില്‍ 16 ഫൊറോനകളില്‍ നിന്നുള്ള വൈദികരുമായി ചര്‍ച്ച നടത്തിയിരുന്നു. 16 ഫൊറോനകളിലെയും മുഴുവന്‍ വൈദികരുമായും ഇടവക കൈക്കാരന്മാര്‍, വൈസ് ചെയര്‍മാന്മാര്‍, സംഘടനാ പ്രസിഡന്റുമാര്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി, മുന്‍ സെക്രട്ടറിമാര്‍, ബസിലിക്ക പാരിഷ് കൗണ്‍സില്‍, വനിതാ പ്രതിനിധികള്‍ എന്നിവരുമായും മാര്‍പാപ്പയുടെ പ്രതിനിധിയും അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂരും ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലൂടെയാണ് നിലവില്‍ ക്രിസ്മസ് ദിനത്തില്‍ മാത്രം ഏകീകൃത കുര്‍ബാനയര്‍പ്പിക്കാനായി തീരുമാനമായിരിക്കുന്നത്.
കുര്‍ബാന അര്‍പ്പണ തര്‍ക്കവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ വര്‍ഷം സെന്റ് മേരീസ് കത്തീഡ്രല്‍ അടച്ചിടുകയായിരുന്നു. ജനാഭിമുഖ കുര്‍ബാന മാത്രമേ അര്‍പ്പിക്കാന്‍ കഴിയൂ എന്ന് എറണാകുളം സെന്റ് മേരീസ് ബസലിക്ക ഭരണസമിതി വ്യക്തമാക്കിയതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. തുടര്‍ന്നാണ് കത്തീഡ്രല്‍ അടച്ചിടാന്‍ തീരുമാനിച്ചത്.
അതേസമയം, സഭയിലെ കുര്‍ബാന ക്രമ പ്രശ്നത്തില്‍ നിയമവിരുദ്ധമായി കൂട്ടിച്ചേര്‍ക്കല്‍ നടത്തിയ സിനഡ് തീരുമാനം സസ്‌പെന്‍ഡ് ചെയ്യണമെന്നും സിനഡ് തീരുമാനത്തിലെ അട്ടിമറി അന്വേഷിക്കാന്‍ വത്തിക്കാന്‍ നേരിട്ട് അന്വേഷണ കമ്മിഷനെ നിയമിക്കണമെന്നും അല്‍മായ മുന്നേറ്റം അതിരൂപത സമിതി കൂടിക്കാഴ്ചയില്‍ ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍, അതിരൂപതയില്‍ ഏകീകൃത കുര്‍ബാന ആരംഭിക്കണമെന്ന തീരുമാനത്തില്‍ നിന്ന് വിട്ടുവീഴ്ചയില്ലെന്ന് ഏകീകൃത കുര്‍ബാനയ്ക്കായി നിലകൊള്ളുന്ന വിശ്വാസികളുമായി നടത്തിയ ചര്‍ച്ചയില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു.
Content Highlights: ernakulam angamaly archdiocese holly mass controversy and st marys basilica will open