‘പട്ടിണിയായിരുന്നു ഇന്ന്...വയറ് നിറയെ ഭക്ഷണം തന്നതിന് ഒരുപാട് നന്ദി...’അഭിമന്യുവിന്റെ കുറിപ്പ് കോടതിയിൽ

കൊച്ചി: ‘പട്ടിണി മാത്രമായിരുന്നു ഇന്നത്തെ ദിവസം. ഏതായാലും വയറ് നിറച്ച് ഭക്ഷണം കഴിച്ചു. വയറ് നിറയെ ഭക്ഷണം തന്നതിന് ഒരുപാട് നന്ദി.’ നോട്ടുപുസ്തകത്തിൽ നിന്ന് ചീന്തിയെടുത്ത പോലെയുള്ള വരയിട്ട കടലാസിൽ, കറുത്ത മഷിയിൽ പതിഞ്ഞുകിടക്കുന്നു കവിത പോലെയുള്ള എഴുത്ത്്. ഭക്ഷണം നൽകിയ സഹപാഠിക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള ഈ കുറിപ്പ് എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥിയായിരുന്ന അഭിമന്യുവിന്റേതാണ്.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അഭിമന്യു വധക്കേസിന്റെ വിചാരണയ്ക്കിടെയാണ് ഈ കുറിപ്പ് ഹാജരാക്കിയത്. കോളേജിലെ കെ.എസ്.യു. ഭാരവാഹിയായിരുന്ന സാക്ഷിയെയാണ് വ്യാഴാഴ്ച വിസ്തരിച്ചത്. ഒരുനേരത്തെ ഭക്ഷണം നൽകിയ കുട്ടിക്ക് അതിനുള്ള നന്ദിയറിയിച്ച് അഭിമന്യു നൽകിയ കുറിപ്പ് ഈ സാക്ഷി തന്റെ മൊബൈൽ ഫോണിൽ ഫോട്ടോയെടുത്ത് സൂക്ഷിച്ചിരുന്നു. വിസ്താരത്തിനിടെ ഈ കുറിപ്പ് സാക്ഷി തിരിച്ചറിഞ്ഞു. പട്ടിണിയോട് പൊരുതിയാണ് അഭിമന്യു പഠനവും സംഘടനാപ്രവർത്തനവും നടത്തിയതെന്ന് വിവരിക്കാനാണിത് കോടതിയിൽ കാണിച്ചത്. ഭക്ഷണം നൽകിയ കുട്ടിയുടെ പാത്രത്തിൽ അഭിമന്യു വെച്ചിരുന്നതാണ് ഈ കുറിപ്പെന്നും വിശദീകരിച്ചു.
സംഭവദിവസം രാത്രി ഒന്നാംപ്രതി മുഹമ്മദ് ഫോണിൽ വിളിച്ചിരുന്നു. കോളേജ് ഗേറ്റിന് സമീപത്തുനിന്ന് തന്റെ ബൈക്ക് എടുത്തുമാറ്റണമെന്ന് പറഞ്ഞാണ് വിളിച്ചതെന്ന് 2018 കാലയളവിൽ മഹാരാജാസ് കോളേജിലെ കെ.എസ്.യു. ഭാരവാഹിയായിരുന്ന സാക്ഷി പറഞ്ഞു. അഭിമന്യുവിന്റെ കൊലപാതകം കടുത്ത മാനസിക സമ്മർദമുണ്ടാക്കി. ഒരുവർഷത്തോളം മാനസിക സമ്മർദം അനുഭവിച്ചതായും മൊഴി നൽകി. താൻ പഠിക്കുന്ന കാലയളവിൽ എസ്.എഫ്.ഐ. മറ്റു സംഘടനകളുമായി സൗഹാർദത്തിലായിരുന്നു. പറയത്തക്ക പ്രശ്നങ്ങളൊന്നും ഈ കാലയളവിൽ ഇല്ലായിരുന്നു. അഭിമന്യു എല്ലാ വിദ്യാർഥി സംഘടനകളുമായും നല്ല ബന്ധത്തിലായിരുന്നു. കെ.എസ്.യു. നടത്തിയ പെനൽറ്റി ഷൂട്ടൗട്ട് മത്സരത്തിന് ആദ്യമെത്തിയത് അഭിമന്യുവായിരുന്നുവെന്നും സാക്ഷി പറഞ്ഞു. അഭിമന്യുവിന്റെ കൊലപാതകം അറിഞ്ഞശേഷം സുഹൃത്തുക്കൾക്ക് അയച്ച ശബ്ദസന്ദേശങ്ങൾ കോടതിയിൽ കേട്ട സാക്ഷി അതു തന്റെ ശബ്ദമാണെന്ന് വ്യക്തമാക്കി. അതിൽ പറഞ്ഞ കാര്യങ്ങൾ സത്യമാണെന്നും മൊഴി നൽകി.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ.കെ. ബാലകൃഷ്ണൻ മുൻപാകെ സാക്ഷിവിസ്താരം വെള്ളിയാഴ്ചയും തുടരും. ജി. മോഹൻരാജാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ.
Content Highlights: Abhimanyu's note of gratitude for a meal presented during the trial in Ernakulam court, highlighting his struggles and relationships.