പി ജയരാജന് ഇടുക്കിയിൽ റിസോർട്ട്, സ്വർണക്കടത്തുകാരൻ പങ്കാളി, സ്വന്തം ക്വട്ടേഷൻ സംഘം; ആരോപണവുമായി ഇ.പി ജയരാജനും

പി. ജയരാജൻ, ഇ.പി. ജയരാജൻ| ഫോട്ടോ: മാതൃഭൂമി
പി. ജയരാജൻ, ഇ.പി. ജയരാജൻ| ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: ഭാര്യക്കും മകനും പങ്കാളിത്തമുള്ള കണ്ണൂരിലെ വൈദേകം റിസോർട്ടിന്റെ പേരിൽ തനിക്കെതിരേ നിരന്തരം ആരോപണം ഉയർത്തിയ പി. ജയരാജനെ കുരുക്കാൻ, റിസോർട്ട് തന്നെ ആയുധമാക്കി സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജൻ. സ്വർണക്കടത്തുകാരനെ പങ്കാളിയാക്കി ഇടുക്കിയിൽ പി. ജയരാജൻ റിസോർട്ട് തുടങ്ങിയെന്നാണ് ഇ.പി.യുടെ ആരോപണം.

ഇടുക്കിയിലെ മാങ്കുളം വില്ലേജിൽ അഞ്ചുനിലകളിലുള്ള ഹോട്ടലും റിസോർട്ടുമായി പി. ജയരാജന്റെ ബന്ധമെന്താണെന്നാണ് ഇ.പി. പാർട്ടിക്ക് നൽകിയ പരാതിയിലെ ചോദ്യം. ഇതിന്റെ പണി നടക്കുന്ന സമയത്ത് ജയരാജൻ അവിടെ നിത്യസന്ദർശകനായിരുന്നു. ഉദ്ഘാടനത്തിന് കുടുംബസമേതം എത്തി. ഈ റിസോർട്ട് ഉടമസ്ഥരുടെ ബോർഡ് യോഗം ദുബായിലാണ് ചേരാറുള്ളത്. അതിൽ ജയരാജനാണ് അധ്യക്ഷത വഹിക്കാറ്. സ്വർണക്കടത്തുകാരനായ ഏറ്റുമാനൂർ സ്വദേശിയുമായി പി. ജയരാജനുള്ള ബന്ധം അന്വേഷിക്കണമെന്നും ഇ.പി. ആവശ്യപ്പെടുന്നു. ഇടുക്കിയിലെ റിസോർട്ട് സംബന്ധിച്ച് അവിടത്തെ ജില്ലാകമ്മിറ്റി പാർട്ടി സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാകാൻ തടസ്സം നിൽക്കുന്നത് പിണറായി വിജയനാണെന്ന് പ്രചരിപ്പിച്ചു. പിണറായിയുടെയും മകളുടെയും പേരിലുള്ള കേസിന്റെ വിവരം ശേഖരിക്കാൻ ആളെ ഏർപ്പാടാക്കി. ഇത് പാർട്ടിക്കുള്ളിൽ ഉന്നയിച്ച് ചർച്ചയാക്കാൻ ശ്രമിച്ചു.

പി. ശശിയുടെ പേരിലുള്ള ലൈംഗിക ആരോപണക്കേസ് പി. ജയരാജൻ ബോധപൂർവം ഉണ്ടാക്കിയതാണെന്നും ഉന്നയിച്ചു. ശശിക്ക് കണ്ണൂർ ജില്ലാസെക്രട്ടറിസ്ഥാനം നഷ്ടമായാൽ ആ പദവിയിലേക്ക് എത്താനാകുമെന്ന കണക്കുകൂട്ടലായിരുന്നു ഇതിനു പിന്നിൽ -ഇ.പി. കുറ്റപ്പെടുത്തുന്നു.

ക്വട്ടേഷൻ-സ്വർണക്കടത്ത് സംഘവുമായി പി. ജയരാജനുള്ള ബന്ധത്തെക്കുറിച്ചും ഗുരുതരമായ ആരോപണമാണ് ഇ.പി. പാർട്ടിക്ക് നൽകിയത്. കണ്ണൂർ ജില്ലാസെക്രട്ടറിയായിരുന്ന ഘട്ടംമുതൽ ആ സ്ഥാനം ഉപയോഗിച്ച് ജില്ലയിലും പുറത്തും ക്വട്ടേഷൻ സംഘങ്ങളുണ്ടാക്കി. ക്വട്ടേഷൻ അംഗമായിരുന്നവർക്ക് പാർട്ടി ജില്ലാകമ്മിറ്റി ഓഫീസ് ഒരുക്കിക്കൊടുത്തു. സ്വന്തം ആവശ്യത്തിനും ഇത്തരം സംഘങ്ങളുടെ സഹായമാണ് പി. ജയരാജൻ തേടുന്നത്. കണ്ണൂരിലെ സ്വർണക്കടത്തുകാരന്റെ ഫ്‌ളാറ്റിൽ ജയരാജൻ രഹസ്യമായി താമസിക്കാറുണ്ട്. ദുബായിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച കണ്ണൂരിലെ ഒരു സ്വർണക്കടത്തുകാരന്റെ വീട്ടിൽ നിത്യസന്ദർശകനായിരുന്നു പി. ജയരാജനെന്നും പരാതിയിൽ ആരോപിക്കുന്നു.

Content Highlights: EP Jayarajan files a complaint against P Jayarajan accusing him of ties with gold smugglers., Questions raised regarding a five-storey hotel and resort in Mankulam, Idukki., Allegations of P Jayarajan using quotation gangs and maintaining links with controversial figures.