കള്ള് ഗ്ലൂക്കോസിനേക്കാൾ പവർഫുൾ, ബംഗാളിലെ പനങ്കള്ള് ബെഡ് കോഫിയേക്കാള്‍ ഗുണകരം- ഇ.പി ജയരാജൻ

ഇ.പി. ജയരാജന്‍| Photo: Mathrubhumi
ഇ.പി. ജയരാജന്‍| Photo: Mathrubhumi

കണ്ണൂര്‍: തെങ്ങില്‍നിന്ന് ശേഖരിക്കുന്ന ഇളംകള്ള് ഇളനീരിനേക്കാളും ഔഷധവീര്യമുള്ളതാണെന്ന് സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന്‍. ഇന്നത്തെ ഗ്ലൂക്കോസിനേക്കാൾ പവര്‍ഫുളായ പാനീയമായിരുന്നു അത്. തെങ്ങില്‍നിന്നുള്ള നീര് ഏറ്റവും ഗുണകരമായ പോഷകാഹാരം തന്നെയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മദ്യപിക്കുന്നവരുണ്ടെങ്കില്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുമെന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവന സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'ഗോവിന്ദന്‍ മാഷ് പറഞ്ഞത് മദ്യത്തെക്കുറിച്ചാണ്. തെങ്ങില്‍നിന്നുണ്ടാവുന്ന അതിന്റെ നീര്, അത് ശേഖരിക്കാന്‍ അടുത്തകാലത്ത് പദ്ധതി തയ്യാറാക്കിയിരുന്നു. തെങ്ങില്‍നിന്ന് ശേഖരിക്കുന്ന നീര് സമയപരിധിവെച്ച് കെമിക്കല്‍ ഉപയോഗിച്ചുകൊണ്ട് മദ്യമായി മനുഷ്യന്റെ ബോധത്തെ ദുര്‍ബലപ്പെടുത്താന്‍ കഴിയത്തക്ക ലിക്വറായി മാറും. എന്നാല്‍, തെങ്ങില്‍നിന്ന് എടുക്കുന്ന ഇളംകള്ള്, ഇളനീരിനേക്കാൾ ഔഷധവീര്യമുള്ളതാണ്', അദ്ദേഹം പറഞ്ഞു.

'പണ്ടുകാലത്ത് നാട്ടില്‍ പ്രസവിച്ചുകഴിഞ്ഞാല്‍, വീടിന്റെ മുറ്റത്തുള്ള തെങ്ങ് ചെത്തി അതില്‍നിന്ന് എടുക്കുന്ന നീര് ചെറിയ പ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് കൊടുക്കും. ഇന്നത്തെ ഗ്ലൂകോസിനേക്കാൾ കൂടുതല്‍ പവര്‍ഫുളായ, പ്രകൃതി തരുന്ന ലിക്വിഡ് ആയിരുന്നു അത്. ആ കള്ള് അതുപോലെ എടുത്ത് കുടിച്ചാല്‍ മദ്യമല്ല. എന്നാല്‍, അത് മറ്റുവസ്തുക്കള്‍ ചേര്‍ത്ത് ലിക്വര്‍ ആക്കി തീര്‍ക്കരുത്. മദ്യത്തിന്റെ വീര്യങ്ങളിലേക്ക് കൊണ്ടുപോകരുത്. സാധാരണഗതിയില്‍ ആരോഗ്യത്തിന് ഗുണകരമായിട്ടുള്ളതാണ് കള്ള്. കേരളത്തിലെ കള്ളുചെത്ത് വ്യവസായം ശക്തിപ്പെടുത്തണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍', ഇ.പി. കൂട്ടിച്ചേര്‍ത്തു.

'തെങ്ങില്‍നിന്നുള്ള നീര് ഏറ്റവും ഗുണകരമായ പോഷകാഹാരം തന്നെയായിരുന്നു. ബംഗാളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ രാവിലെ പനങ്കള്ള് ശേഖരിച്ച് ഹോട്ടലുകളില്‍ കൊണ്ടുപോയി വില്‍ക്കും. അതൊരു പാനീയമാണ്. ആ പാനീയം കുടിച്ചാല്‍ ബെഡ് കോഫി- ബെഡ് ടീ കഴിക്കുന്നതിനേക്കാള്‍ ഗുണകരമാണ്', ഇ.പി. ജയരാജന്‍ അഭിപ്രായപ്പെട്ടു.

Content Highlights: EP Jayarajan claims toddy is healthier than glucose