'18 ദിവസം സമരംചെയ്തതുകൊണ്ട് നിയമം മാറ്റാന്‍ പറ്റുമോ?'; സിപിഒ ഉദ്യോഗാർഥികളുടെ സമരത്തിൽ ഇ.പി ജയരാജന്‍

ഇ.പി ജയരാജന്‍ | ഫോട്ടോ: മാതൃഭൂമി
ഇ.പി ജയരാജന്‍ | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: നടപടിക്രമങ്ങള്‍ അനുസരിച്ച് മാത്രമേ ഏത് ഗവണ്‍മെന്റിനും നിയമനം നടത്താന്‍ സാധിക്കുകയുള്ളൂവെന്ന് സിപിഎം നേതാവ് ഇ.പി ജയരാജന്‍. സിപിഒ ഉദ്യോഗാർഥികളുടെ സമരം 18-ാം ദിവസം പിന്നിടുന്ന സാഹചര്യത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 18 ദിവസം സമരം ചെയ്തത്‌കൊണ്ട് നിയമം മാറ്റാന്‍ പറ്റുമോയെന്നും അദ്ദേഹം ചോദിച്ചു.

എല്ലാ തൊഴില്‍രഹിതരായവരോടും അങ്ങേയറ്റം അനുഭാവപൂര്‍വ്വം പെരുമാറുന്ന ഗവണ്‍മെന്റാണ് ഇവിടെയുളളത്. പൊതുമേഖല സ്ഥാപനങ്ങളിലടക്കം ഇപ്പോള്‍ നിയമനത്തിന് പ്രത്യേക സംവിധാനമുണ്ട്. അതിനാല്‍ 18 ദിവസത്തെ സമരം എന്തിന് നടത്തിയെന്ന് സിപിഒ ഉദ്യോഗാർഥികൾത്തന്നെ ആലോചിക്കണമെന്നും ഇ.പി ജയരാജന്‍ വ്യക്തമാക്കി. 

ഇതുതന്നെയാണ് ആശ വര്‍ക്കര്‍മാരുടെ സമരത്തിലും സംഭവിച്ചത്. ആശമാര്‍ക്ക് എല്ലാം കൂടി 13,000 രൂപ ലഭ്യമാകുന്ന സാഹചര്യമൊരുക്കി. ആശമാരെ തെറ്റായ കാര്യം ധരിപ്പിച്ച് അനാവശ്യമായി പ്രശ്‌നം സൃഷ്ടിച്ചവരാണ് യഥാര്‍ത്ഥത്തില്‍ മറുപടി പറയേണ്ടതെന്നും ഇ.പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. ഗവണ്‍മെന്റ് ഇക്കാര്യങ്ങളിലെല്ലാം ശരിയായിട്ടുള്ള ഒരു പൊതുനിലപാട് മാത്രമാണ് സ്വീകരിച്ചിട്ടുള്ളത്. കഴിയുന്നത്ര വേഗം ജോലികളില്‍ പ്രവേശിക്കണമെന്നും അദ്ദേഹം ആശമാരോട് അഭ്യര്‍ത്ഥിച്ചു. 

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ശക്തമായി പോരാടുമെന്നും എല്ലാ ജയസാധ്യതയും അവിടെയുണ്ടെന്നും ഇ.പി ജയരാജന്‍ ചൂണ്ടിക്കാട്ടി.

Content Highlights: ep jayarajan on cpo protest