സി.പി.എം. ഇല്ലെങ്കിൽ കേരളമില്ല, നാടിന്റെ നിലനിൽപ്പ് ഇടതുപക്ഷത്തിൽ നിക്ഷിപ്തം- ഇ.പി. ജയരാജൻ

#ന്യൂസ് ഡെസ്ക്
ഇ.പി. ജയരാജൻ| Photo: Mathrubhumi
ഇ.പി. ജയരാജൻ| Photo: Mathrubhumi

കോഴിക്കോട്: സി.പി.എം. ഇല്ലെങ്കിൽ കേരളം ഉണ്ടാകില്ലെന്നും നാടിന്റെ നിലനിൽപ്പ് ഇടതുപക്ഷത്തിൽ നിക്ഷിപ്തമാണെന്നും ഇ.പി. ജയരാജൻ. പാർട്ടി കൂടുതൽ കരുത്തോടെ മുന്നോട്ടുപോകുമെന്നും സി.പി.എമ്മിനെ ശക്തിപ്പെടുത്താൻ എല്ലാവരും ശരിയായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടതുപക്ഷം ദുർബലപ്പെട്ടാൽ ലോകംതന്നെ നശിക്കുന്ന അവസ്ഥയാണുള്ളത്. ഇടതുപക്ഷം ശക്തിപ്പെടുകയെന്നത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഇ.പി. ജയരാജൻ പറ‍ഞ്ഞു. സോവിയറ്റ് യൂണിയന്റെ തകർച്ചയും ലോകത്ത് ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടിയുമാണ് ലോകം നേരിടുന്ന പ്രധാന ആപത്ത്. അമേരിക്കയിൽ വലതുപക്ഷ തീവ്രവാദികളാണ് അധികാരത്തിലിരിക്കുന്നത്.

കേരളത്തിൽ ഇടതുപക്ഷം തകർന്നാൽ ഈ നാടുതന്നെ ഇല്ലാതാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. അതിനാൽ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുക എന്നത് കമ്മ്യൂണിസ്റ്റുകാരുടെ മാത്രം ചുമതലയല്ല. നാടിന്റെ വളർച്ച ആഗ്രഹിക്കുന്നതും ജനജീവിതം സംരക്ഷിക്കണമെന്ന് കരുതുന്നതുമായ എല്ലാ ജനങ്ങളുടെയും ചുമതലയാണത്. ഇടതുപക്ഷത്തിന് ജനങ്ങൾ കരുത്ത് നൽകണമെന്നും അതിലെ പ്രധാന പാർട്ടിയായ സി.പി.എമ്മിന് കൂടുതൽ ശക്തി പകരണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

തങ്ങൾ എപ്പോഴും ജനങ്ങൾക്കിടയിലാണ് ഉള്ളതെന്നും അത് പാർട്ടിക്ക് കൂടുതൽ കരുത്ത് പകരുമെന്നും അദ്ദേഹം പറഞ്ഞു. ചെറുപ്പക്കാർ കൂട്ടത്തോടെ സംസ്ഥാന കമ്മിറ്റിയിലേക്ക് വരുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, തങ്ങളൊക്കെ വളരെ ചെറുപ്പത്തിൽത്തന്നെ പ്രസ്ഥാനത്തിലേക്ക് വന്നവരാണെന്ന് അദ്ദേഹം പ്രതികരിച്ചു.

Content Highlights: EP Jayarajan asserted that Kerala cannot exist without the CPM and emphasized that the survival of the state is entirely dependent on strengthening the Left front.