‘ഫേയ്സ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടു, ഞാനിട്ട പോസ്റ്റല്ല..’; ഇ.പിക്കെതിരായ ആരോപണത്തിൽനിന്ന് പിൻവാങ്ങി ശ്യാംജിത്ത്

#ന്യൂസ് ഡെസ്ക്
ഇ.പി. ശ്യാംജിത്ത്, ഇ.പി. ജയരാജൻ | Photo: facebook.com/shyamjith.ep, മാതൃഭൂമി
ഇ.പി. ശ്യാംജിത്ത്, ഇ.പി. ജയരാജൻ | Photo: facebook.com/shyamjith.ep, മാതൃഭൂമി

കണ്ണൂർ: ഇ.പി. ജയരാജനെതിരെ ഫേയ്സ്ബുക്കിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ആരോപണങ്ങൾ നിഷേധിച്ച് മരുമകൻ ശ്യാംജിത്ത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നും ഇപ്പോൾ താൻ ശബരിമലയിലാണെന്നും ശ്യാംജിത്ത് ഫേസ്ബുക്കിൽ കുറിച്ചു. വിഷയത്തിൽ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം ഫേയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

കരിമണൽ വ്യവസായി ശശിധരൻ കർത്തയിൽനിന്ന് ജയരാജന്റെ ഭാര്യ പണം വാങ്ങിയെന്നും ഈ പണമാണ് വൈദേഹം റിസോർട്ടിൽ ചെലവഴിച്ചതെന്നുമായിരുന്നു ഇ.പി. ജയരാജനും ഭാര്യ പി.കെ. ഇന്ദിരയ്ക്കുമെതിരെ സഹോദരിയുടെ മകൻ ശ്യാംജിത്തിന്റെ ഫേസ്ബുക്കിൽ പോസ്റ്റ്. ഇ.പി.യുടെ കൈപ്പടയിൽ എഴുതിയെന്ന് അവകാശപ്പെടുന്ന ലിസ്റ്റും ഉൾപ്പെടുത്തിയിരുന്നു. ജീവിതം അവസാനിപ്പിക്കുന്നുവെന്നും പൂർണ്ണ ഉത്തരവാദിത്വം പി.കെ. ഇന്ദിര, ഇ.പി. ജയരാജൻ, തോമസ്, സി.കെ. ഷാജി എന്നിവർക്കാണെന്നും ശ്യാംജിത്ത് കുറിച്ചിരുന്നു.

ഇത് വാർത്തയാകുകയും സംഭവം നിഷേധിച്ച് ഇ.പി. ജയരാജൻ മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തതിന് പിന്നാലെയാണ് ശ്യാംജിത്തിന്റെ നിഷേധക്കുറിപ്പ് ഫേയ്സ്ബുക്കിൽ പ്രത്യക്ഷപ്പെട്ടത്.

ശ്യാംജിത്തിന്റെ ഫേയ്സ്ബുക്ക് കുറിപ്പ് പൂർണ്ണരൂപം
ഇന്ന് എന്റെ ഫേസ്ബുക്ക് പേജായ Shyamjith EP-യിൽ, എന്റെ പ്രിയപ്പെട്ട സഖാവ് ഇ. പി. ജയരാജനെയും അദ്ദേഹത്തിന്റെ ഭാര്യയെയും അവഹേളിക്കുന്ന രീതിയിലുള്ള ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഞാൻ ഇപ്പോൾ ശബരിമലയിൽ ആയതിനാൽ ഈ വിഷയവുമായി ബന്ധപ്പെട്ട് നിരവധി മാധ്യമപ്രവർത്തകർ എന്നെ ഫോണിൽ വിളിച്ച് അന്വേഷിക്കുന്നുണ്ട്.

എനിക്ക് വ്യക്തമായി പറയാനുള്ളത്, എന്റെ ഫേസ്ബുക്ക് പേജിൽ വന്നിട്ടുള്ള പ്രസ്തുത പോസ്റ്റ് ഞാൻ മനഃപൂർവ്വം പ്രസിദ്ധീകരിച്ചതല്ല എന്നതാണ്. എന്റെ ഫേസ്ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത് ദുരുപയോഗം ചെയ്തതാണെന്നാണ് ഞാൻ സംശയിക്കുന്നത്. പ്രസ്തുത പോസ്റ്റുമായി എനിക്ക് യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കുന്നു. ആയതിനാൽ, എല്ലാ മാധ്യമപ്രവർത്തകരോടും പ്രത്യേകിച്ച് റിപ്പോർട്ടർ ഉൾപ്പെടെയുള്ള മാധ്യമങ്ങളോടും അഭ്യർത്ഥിക്കാനുള്ളത്, ഇത്തരം വിഷയങ്ങൾ വാർത്തയാക്കുന്നതിന് മുമ്പ് എന്നെ നേരിട്ട് ബന്ധപ്പെട്ട് കാര്യങ്ങളുടെ സത്യാവസ്ഥ ഉറപ്പുവരുത്തണമെന്നാണ്.

എന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് ദുരുപയോഗം ചെയ്ത സംഭവത്തിൽ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതാണ്. ഈ വിഷയത്തിൽ കൂടുതൽ വിശദാംശങ്ങൾ ഉടൻ തന്നെ മാധ്യമങ്ങൾക്ക് മുന്നിൽ നേരിട്ട് വിശദീകരിക്കുന്നതുമാണ്. എല്ലാവരും വസ്തുതകൾ മനസ്സിലാക്കി മാത്രം പ്രതികരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Content Highlights: Shyamjith claims his Facebook account was hacked to post allegations against EP Jayarajan., The initial controversial posts linked EP Jayarajan and his wife to financial allegations involving Vaideham Resort., Shyamjith is currently at Sabarimala and plans to take legal action regarding the hack., The original posts were deleted from social media.