ടിപ്പുസുൽത്താൻ അധിനിവേശക്കാരൻ, ഹിന്ദുക്കളെ കൊന്നൊടുക്കി; റോഡിന്റെ പേര് മാറ്റണമെന്ന് ബി. ഗോപാലകൃഷ്ണൻ

ഏങ്ങണ്ടിയൂർ: ടിപ്പുസുൽത്താനെതിരെ വിവാദ പ്രസ്താവനയുമായി ഗുരുവായൂർ നിയമസഭാമണ്ഡലത്തിലെ എൻ.ഡി.എ. സ്ഥാനാർഥിയും ബി.ജെ.പി. നേതാവുമായ അഡ്വ. ബി. ഗോപാലകൃഷ്ണൻ. തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി ഏങ്ങണ്ടിയൂരിൽ സംസാരിക്കവെയായിരുന്നു വിവാദപരാമർശം.
ഏങ്ങണ്ടിയൂരിലെ പ്രശസ്ത ചരിത്രകാരൻ വേലായുധൻ പണിക്കശ്ശേരിയുടെ തറവാട്ടിലേക്കുള്ള വഴിക്ക് ടിപ്പുസുൽത്താന്റെ പേര് നൽകിയത് അംഗീകരിക്കാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ടിപ്പുസുൽത്താൻ ഈ നാടിനെ സംബന്ധിച്ചിടത്തോളം ഒരു അധിനിവേശക്കാരൻ മാത്രമാണെന്നും പ്രദേശവുമായി അദ്ദേഹത്തിന് മറ്റ് ബന്ധങ്ങളൊന്നുമില്ലെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ ഗോപാലകൃഷ്ണൻ പറഞ്ഞു.
ടിപ്പു സുൽത്താൻ ക്ഷേത്രങ്ങൾ തകർക്കുകയും നിരവധി ഹിന്ദുക്കളെ കൊന്നൊടുക്കുകയും ചെയ്തിട്ടുണ്ട്. ഭാരതീയ പൈതൃകവും കേരളത്തിന്റെ ചരിത്രവും രചിച്ച വേലായുധൻ പണിക്കശ്ശേരിയെപ്പോലുള്ള മഹാന്മാരുടെ ഓർമകളാണ് നിലനിൽക്കേണ്ടതെന്നും ടിപ്പുസുൽത്താന്റെ പേര് അവിടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ടിപ്പുസുൽത്താനെതിരെയുള്ള ഗോപാലകൃഷ്ണൻ്റെ പരാമർശത്തിൽ പരാതികൾ ഉയർന്നിട്ടുണ്ട്. ഹിന്ദു വികാരം ഉയർത്തിപ്പിടിച്ച് വോട്ട് തേടാനാണ് ബി ഗോപാലകൃഷ്ണൻ ശ്രമിക്കുന്നതെന്ന ആരോപണം നേരത്തെയും ഉയർന്നിരുന്നു. നേരത്തെ 'ഹിന്ദു എം.എൽ.എ' പരാമർശവും, ഗുരുവായൂർ ക്ഷേത്രം മുൻ എം.എൽ.എമാർക്ക് 'ഹറാമാണ്' എന്ന പ്രസ്താവനയും വിവാദമായിരുന്നു. ഈ പരാമർശങ്ങളുടെ പേരിൽ അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു.
Content Highlights: BJP leader Adv. B. Gopalakrishnan calls for the removal of Tipu Sultan's name from an Engandiyur road in 2026., Proponents argue that local heroes like historian Velayudhan Panikkassery deserve the honor instead., The demand is based on claims regarding historical regional conflict and cultural heritage., The movement aims to replace colonial or controversial figures with local cultural icons.