'പാർട്ടി പണം കൈപ്പറ്റി'; കരുവന്നൂർ ഇടപാടിൽ സിപിഎമ്മിനെ പ്രതിചേർത്ത് ഇ.ഡി, സ്വത്തുക്കളും കണ്ടുകെട്ടി

#എസ്. രാഗിൻ / മാതൃഭൂമി ന്യൂസ്
കരുവന്നൂർ ബാങ്ക്, പ്രതീകാത്മക ചിത്രം
കരുവന്നൂർ ബാങ്ക്, പ്രതീകാത്മക ചിത്രം

കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സി.പി.എമ്മിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രതി ചേർത്തു. കരുവന്നൂർ ബാങ്കിൽ നിന്നും തട്ടിയെടുത്ത പണം പാർട്ടി കൈപ്പറ്റിയെന്നും ഇ.ഡി. സി.പി.എമ്മിന്റേതും സ്വകാര്യ വ്യക്തികളുടേതും ഉൾപ്പെടെ 29.5 കോടി രൂപയുടെ സ്വത്തുവകകളും ഇ.ഡി. കണ്ടുകെട്ടി. 

സി.പി.എമ്മിന്റെ 76 ലക്ഷത്തോളം രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയവയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പാർട്ടിയുടെ എട്ട് അക്കൗണ്ടുകളും പൊറത്തിശ്ശേരി പാർട്ടി കമ്മിറ്റി ഓഫീസ് നിർമിക്കാൻ വാങ്ങിയ ഭൂമിയും കണ്ടുകെട്ടിയിട്ടുണ്ട്. തൃശ്ശൂർ ജില്ലാ സെക്രട്ടറി എന്ന നിലയിൽ എം.എം. വർഗീസിന്റെ പേരിലാണ് സ്വത്തുക്കൾ. 

സി.പി.എമ്മിന്റേതടക്കം ഒമ്പത് പേരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. പ്രതിചേർക്കപ്പെട്ട മറ്റ് വ്യക്തികൾ അനധികൃതമായി ബാങ്കിൽ നിന്നും പണം സമ്പാദിച്ചവരാണ്. രണ്ടാംഘട്ട കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പാണ് ഇപ്പോഴത്തെ നടപടി. അതേസമയം, സ്വത്ത് മരവിപ്പിച്ചതായുള്ള ഒരു അറിയിപ്പും തനിക്ക് ലഭിച്ചിട്ടില്ലെന്ന് എം.എം. വർ​ഗീസ് പ്രതികരിച്ചു. 
 

Content Highlights: Enforcement Directorate made CPM suspect in Karuvannur case