പുതുവർഷാഘോഷം അതിരുവിട്ടോ, പടക്കം ചാമ്പലാക്കിയത് മൂന്നുനില കെട്ടിടം, 75 ലക്ഷത്തിന്റെ നഷ്ടം

താമരശ്ശേരി: പുതുപ്പാടി പഞ്ചായത്തിലെ എലോക്കരയിലെ പ്ലാസ്റ്റിക് മാലിന്യസംഭരണകേന്ദ്രത്തിൽ വൻ തീപ്പിടിത്തം. എംആർഎം ഇക്കോ സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ സംഭരണകേന്ദ്രത്തിൽ വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെയുണ്ടായ അഗ്നിബാധയിൽ മൂന്നുനില കെട്ടിടം, ഒരു പിക്കപ്പ് വാൻ, യന്ത്രങ്ങൾ എന്നിവ കത്തിനശിച്ചു.
യാർഡിന് സമീപത്തെ കെട്ടിടത്തിലേക്ക് തീ പടരാത്തതിനാൽ ആളപായം ഒഴിവായി.
വാലില്ലാപ്പുഴ സ്വദേശി ഇബത്തുള്ളയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം എം.കെ. ഷാഹിദ്, നസ്രുദ്ദീൻ പി.എം. പാറക്കൽ, സുനിൽ പുത്തൻവീട്ടിൽ എന്നിവർ ചേർന്ന് പാട്ടത്തിനെടുത്തതായിരുന്നു. മുക്കം, വെള്ളിമാടുകുന്ന്, നരിക്കുനി അഗ്നിരക്ഷാകേന്ദ്രങ്ങളിൽനിന്നുള്ള അഞ്ച് യൂണിറ്റുകൾ ചേർന്ന് പുലർച്ചെ നാലുമുതൽ രാവിലെ ഒൻപതരവരെ അഞ്ചരമണിക്കൂറോളം പ്രയത്നിച്ചാണ് തീ പൂർണമായും അണച്ചത്.
പുതുവത്സരാഘോഷത്തിൽ മുൻവശത്തെ റോഡരികിൽവെച്ച് ഒരുസംഘം പൊട്ടിച്ച പടക്കങ്ങളുടെ കനൽ ദിശതെറ്റി വീണതാവാം തീപ്പിടിത്തത്തിന് വഴിയൊരുക്കിയതെന്നാണ് പ്രാഥമിക നിഗമനമെന്ന് മുക്കം ഫയർസ്റ്റേഷൻ ഓഫീസർ എം. അബ്ദുൾ ഗഫൂർ അറിയിച്ചു.
75 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം നേരിട്ടതായി എംആർഎം ഇക്കോ സൊലൂഷൻസ് മാനേജിങ് ഡയറക്ടർ അടിവാരം കൂന്തളംതേര് സ്വദേശി എം.കെ. ഷാഹിദ് പറഞ്ഞു.
തീപ്പിടിത്തംകാരണമായത് റോഡരികിലെ പടക്കംപൊട്ടിക്കലോ
പുതുപ്പാടി എലോക്കരയിൽ പത്തുവർഷമായി പ്രവർത്തിച്ചുവരുന്ന ‘എംആർഎം ഇക്കോ സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന പ്ലാസ്റ്റിക് മാലിന്യ സംഭരണകേന്ദ്രത്തിൽ വ്യാഴാഴ്ച പുലർച്ചെയുണ്ടായ അഗ്നിബാധയ്ക്ക് വഴിയൊരുക്കിയത് ചിലരുടെ അതിരുവിട്ട പുതുവത്സരാഘോഷമെന്ന വാദഗതിയിലുറച്ച് കമ്പനി അധികൃതരും ജീവനക്കാരും. സംഭരണകേന്ദ്രത്തിന് തൊട്ടുമുന്നിലെ റോഡരികിൽവെച്ച് പൊട്ടിച്ച പടക്കങ്ങൾ ദിശതെറ്റിയെത്തിയാണ് തീപ്പിടിത്തമുണ്ടായതെന്നാണ് എംആർഎം ഇക്കോ സൊലൂഷൻസ് അധികൃതർ പോലീസിനുനൽകിയ പരാതിയിൽ ആരോപിക്കുന്നത്. രാപകൽ ഭേദമെന്യേ വാഹനങ്ങൾ തലങ്ങും വിലങ്ങും സഞ്ചരിക്കുന്ന ദേശീയപാതയ്ക്കരികിൽവെച്ച് കുറേ യുവാക്കൾ മുകളിലേക്കുപോയി പൊട്ടുന്നതരത്തിലുള്ള പടക്കങ്ങൾ വലിയതോതിൽ പൊട്ടിച്ചതായി സംഭരണകേന്ദ്രത്തിന് തൊട്ടടുത്ത വാടകക്കെട്ടിടത്തിൽ താമസിക്കുന്ന ഇതരസംസ്ഥാനക്കാരായ കമ്പനിത്തൊഴിലാളികളും പറയുന്നു. ഷോട് സർകിറ്റിന്റെ സാധ്യത തള്ളിക്കളയുന്നില്ലെങ്കിലും ദിശതെറ്റിയെത്തിയ പടക്കമാവാം തീപ്പിടിത്തതിന് കാരണമായതെന്നാണ് അഗ്നിരക്ഷാസേനയുടെയും പ്രാഥമികനിഗമനം.
ആഘോഷം പാതയോരത്ത്
‘ഞങ്ങളിവിടെ നാല് പുരുഷന്മാരും നാല് സ്ത്രീകളും നാല് കുട്ടികളുമുൾപ്പെടെ ഇതരസംസ്ഥാനക്കാരായ പന്ത്രണ്ടുപേർ യൂണിറ്റിനോടുചേർന്ന വാടകക്കെട്ടിടത്തിലാണ് താമസിക്കുന്നത്. ബുധനാഴ്ച അർധരാത്രിമുതൽ വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിവരെ കുറേപ്പേർവന്ന് റോഡരികിൽ പടക്കംപൊട്ടിച്ചു. അവർ ഇരുപതോ മുപ്പതോ പേരുണ്ടായിരുന്നു. സംഭരണകേന്ദ്രത്തിന്റെ കെട്ടിടത്തിനും തട്ടുകടയ്ക്കുമിടയിൽ വാഹനങ്ങൾ നിർത്തിയിടാറുള്ള ദേശീയപാതയോരത്തുവെച്ചായിരുന്നു പുതുവത്സരാഘോഷം. രാത്രി കുറേനേരത്തേക്ക് ഉറങ്ങാനേകഴിഞ്ഞില്ല. പുലർച്ചെ മൂന്നരയായപ്പോൾ പുറത്തുനിന്ന് ആളുകളെത്തി ഞങ്ങളെ വിളിച്ച് തീപ്പിടിത്തമുണ്ടായത് അറിയിച്ചു. തീയണയ്ക്കാൻ നോക്കിയെങ്കിലും നടന്നില്ല. തുടർന്ന് കമ്പനിയുടെ ആളുകളെയും പോലീസിനെയും ഫയർഫോഴ്‌സിനെയുമെല്ലാം വിളിക്കുകയായിരുന്നു’. -സംഭരണകേന്ദ്രത്തിലെ തൊഴിലാളിയായ അസം ബൊർപേട്ട സ്വദേശി ഷാ ജമാലിന്റെ വാക്കുകൾ.
പതിനാറ് ഓഫീസ് ജീവനക്കാരും എട്ട് ഇതരസംസ്ഥാനത്തൊഴിലാളികളും ഉൾപ്പെടെ 29 തൊഴിലാളികൾ ജോലിചെയ്യുന്ന, ശുചിത്വമിഷൻ എംപാനൽചെയ്ത കമ്പനിയുടെ സംഭരണകേന്ദ്രത്തിലെ ജോലിക്കാരെല്ലാം ദുഃഖത്തോടെയും ആശങ്കയോടെയുമാണ് വ്യാഴാഴ്ച സ്ഥലത്തെത്തിയത്. എലോക്കര സ്വദേശിനി അജിഷയും പൂലോട് സ്വദേശിനി സാജിദയുമുൾപ്പെടെ ഒട്ടേറെ വനിതാജീവനക്കാർ കരഞ്ഞുകൊണ്ടാണ് തീയണയ്ക്കുന്നത് നോക്കിനിന്നത്. അതേസമയം, സംഭരണപ്രവർത്തനം നിർത്തിവെക്കില്ലെന്നും കമ്പനിയുടെതന്നെ പുതുപ്പാടി കൈപ്പുറത്തെ എണ്ണായിരം ചതുരശ്ര അടിയുള്ള യാർഡിലേക്കുമാറ്റി വെള്ളിയാഴ്ചമുതൽ സംഭരണം പുനരാരംഭിക്കുമെന്നും സ്ഥാപനത്തിന്റെ എംഡി അറിയിച്ചു.
അഞ്ചരമണിക്കൂർ നീണ്ട രക്ഷാദൗത്യം
അഗ്നിബാധയുണ്ടായ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ജീവനക്കാർ യാർഡിൽ നിർത്തിയിട്ടിരുന്ന ഒരു ട്രക്കും, ഒരു മിനി പിക്കപ്പ് വാനും ഉടൻ പുറത്തേക്കുമാറ്റിയെങ്കിലും അപ്പോഴേക്കും ഷെഡ്ഡിനോടുചേർന്ന് നിർത്തിയിട്ട പിക്കപ്പ് വാനിന് തീപിടിച്ചിരുന്നു. തുടർന്ന് സ്ഥാപനത്തിന്റെ ഹെഡ് ഓഫീസ് കെട്ടിടത്തിലേക്കും തീപടർന്നു. ജീവനക്കാരും ഓടിക്കൂടിയവരുംചേർന്ന് തീയണയ്ക്കാൻശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് മുക്കം ഫയർ സ്റ്റേഷനിൽനിന്ന് സ്റ്റേഷൻ ഓഫീസർ എം. അബ്ദുൾ ഗഫൂർ, എസ്എഫ്ആർഒ എൻ. രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ രണ്ടുയൂണിറ്റും എസ്എഫ്ആർഒ വി.കെ. നൗഷാദിന്റെ നേതൃത്വത്തിൽ വെള്ളിമാടുകുന്ന് ഫയർ സ്റ്റേഷനിൽനിന്ന് രണ്ടുയൂണിറ്റും എസ്എഫ്ആർഒ വി.പി. രാഗിനിന്റെ നേതൃത്വത്തിൽ നരിക്കുനി ഫയർ സ്റ്റേഷനിൽനിന്ന് ഒരുയൂണിറ്റും താമരശ്ശേരി പോലീസും എസ്‌ഐ കെ. ശ്രീനിവാസന്റെ നേതൃത്വത്തിൽ അടിവാരം ഔട്ട് പോലീസും സ്ഥലത്തെത്തി.
കനത്തചൂട് സൃഷ്ടിച്ചുകൊണ്ട് തീ ആളിപ്പടർന്ന ആദ്യമണിക്കൂറുകളിൽ അതിസാഹികമായായിരുന്നു അഗ്നിരക്ഷാസേനയുടെ പ്രവർത്തനം. പ്ലാസ്റ്റിക് മാലിന്യത്തിൽ പടർന്ന തീ കടുത്തപുകയും രൂക്ഷഗന്ധവും വമിപ്പിച്ച് ആളിക്കത്തിയതോടെ രണ്ട് മണ്ണുമാന്തിയന്ത്രങ്ങളുടെ സഹായത്തോടെ അവ നീക്കിയശേഷമാണ് പൂർണമായി തീയണയ്ക്കാനായത്.
Content Highlights: Major Blaze Engulfs Plastic Storage Facility in Puduppadi; Estimated ₹75 Lakhs in Damages