തോറിയത്തിൽനിന്ന് ചെലവുകുറഞ്ഞ വെെദ്യുതി; പങ്കാളിത്തം ആലോചനയിലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി

കെ. കൃഷ്ണൻ കുട്ടി| Photo: Mathrubhumi
കെ. കൃഷ്ണൻ കുട്ടി| Photo: Mathrubhumi

കൊച്ചി: തോറിയത്തിൽനിന്ന് ചെലവുകുറഞ്ഞ വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിയിൽ കേരളം പങ്കാളിയാകുന്നത് ആലോചനയിലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ ഇതു സംബന്ധിച്ച് ഗവേഷണം നടത്തുകയും ആണവ റിയാക്ടർ ഡിസൈൻ പുറത്തിറക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ.

ബാർക്ക് സന്ദർശിച്ച് ചർച്ചകൾ നടത്തിയ കെഎസ്ഇബി ചെയർമാന്റെയും സെക്രട്ടറിയുടെയും റിപ്പോർട്ട് വന്നശേഷം ഈ പദ്ധതിയിൽ പങ്കാളിയാകുന്നതിനെക്കുറിച്ച് പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. എറണാകുളം ടൗൺഹാളിൽ കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ വികസിപ്പിച്ച ചെറിയ ആണവ റിയാക്ടറിലൂടെ 200 ഗ്രാം തോറിയം മാത്രം ഉപയോഗിച്ച് ഒരു ജില്ല മുഴുവൻ ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയും. പരിസ്ഥിതിക്ക് ദോഷംചെയ്യുന്ന ആണവമാലിന്യവും ഇതിൽ വളരെ കുറവാണെന്ന് വിദഗ്ധർ പറയുന്നു. യുറേനിയത്തെക്കാൾ സമൃദ്ധവും സുരക്ഷിതവുമായ തോറിയം, ആണവോർജത്തിൽ ഗെയിം ചേഞ്ചറായേക്കും.

പകൽ വൈദ്യുതി ഉപയോഗം പ്രോത്സാഹിപ്പിക്കും

സൗരോർജ വൈദ്യുതി ഉത്പാദനം കൂടുന്നതനുസരിച്ച് പകൽസമയ വൈദ്യുതി ഉപയോഗം പ്രോത്സാഹിപ്പിക്കാൻ ചില വിഭാഗങ്ങൾക്ക് നിരക്കിൽ 10 ശതമാനം ഇളവ് നൽകുന്നുണ്ട്. ഈ ഇളവുകൾ കൂടുതൽ വിഭാഗങ്ങളിലേക്ക് നൽകുന്നത് ആലോചനയിലുണ്ട്. വൈദ്യുത പദ്ധതികൾ സമയത്ത് പൂർത്തിയായിരുന്നെങ്കിൽ എത്രയോ ലാഭമുണ്ടാകുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

പ്രതിനിധി സമ്മേളനത്തിൽ കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ. ഇന്ദിര അധ്യക്ഷത വഹിച്ചു. സെൻട്രൽ സോണൽ സെക്രട്ടറി എൻ. നന്ദകുമാർ, ടി.പി. സൂരജ് എന്നിവർ പ്രസംഗിച്ചു. ഉച്ചയ്ക്കുശേഷം നടന്ന യാത്രയയപ്പ് സമ്മേളനം മുൻ മന്ത്രി എസ്. ശർമ ഉദ്ഘാടനം ചെയ്തു.

Content Highlights: electricity generation from thorium kseb minister k krishnankutty