രാവിലെ കേട്ടത് നിലവിളി; ഒരുരാത്രി മുഴുവൻ മേൽപ്പാലത്തിന്റെ ഗർഡറിൽ കുടുങ്ങിക്കിടന്ന് വയോധികൻ

പാലക്കാട്: നിർമാണം നടക്കുന്ന നടക്കാവ് മേല്പാലത്തിന്റെ ഗർഡറിൽ വയോധികൻ കുടുങ്ങിക്കിടന്നത് ഒരുരാത്രി. കല്ലേക്കുളങ്ങര സ്വദേശി രാമചന്ദ്രൻ (75) ആണ് ഗർഡറിൽ കുടുങ്ങിയത്.
ചൊവ്വാഴ്ച രാവിലെ ആറരയോടെ കട തുറക്കാനെത്തിയ കച്ചവടക്കാരാണ് നിലവിളികേട്ട് പാലത്തിനു മുകളിൽ കയറി നോക്കിയത്. ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് രാമചന്ദ്രനെ നാട്ടുകാർ പുറത്തെടുത്തത്.
തിങ്കളാഴ്ച രാത്രിയോടെയാണ് മേല്പാലത്തിൽ കയറിയതെന്നും ഇരുട്ടായപ്പോൾ പാലത്തിൽ കുടുങ്ങുകയായിരുന്നെന്നുമാണ് ഇദ്ദേഹം രക്ഷാപ്രവർത്തനം നടത്തിയവരോടു പറഞ്ഞത്. ഭയന്നുവിറച്ച് അവശനിലയിലായിരുന്ന ഇദ്ദേഹത്തെ നാട്ടുകാരിൽ ചിലർ കല്ലേക്കുളങ്ങരയിലെ വീട്ടിലെത്തിച്ചു. നടക്കാവ് മേൽപ്പാലം ആക്ഷൻ കൗൺസിൽ കൺവീനർ കെ. ശിവരാജേഷ്, പ്രദേശവാസികളായ റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ സച്ചുകുമാർ, ശിവൻ, കോളേജ് വിദ്യാർഥി സന്തോഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
പണി നടക്കുന്ന പാലത്തിനുസമീപം റെയിൽവേയും റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനും സുരക്ഷാ ജീവനക്കാരെ നിർത്തിയിട്ടുണ്ടെങ്കിലും അശ്രദ്ധമൂലമാണ് ഇങ്ങനെ സംഭവിച്ചതെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തി.
രണ്ടുദിവസം മുൻപ് മലമ്പുഴ ഭാഗത്തുനിന്ന് ഒരു കാർ പാലത്തിനു മുകളിലേക്ക് കയറിയിരുന്നു. മന്തക്കാടു ഭാഗത്ത് നേരത്തേ, പാലംപണി നടക്കുന്നതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് ബോർഡുകളുണ്ടായിരുന്നത് ഇപ്പോൾ കാണാതായിട്ടുണ്ട്. ഇതിനാൽ, മലമ്പുഴ ഉദ്യാനത്തിലേക്ക് വരുന്ന വിനോദസഞ്ചാരികളടക്കം മന്തക്കാട്ടുനിന്ന് തിരിച്ച് നടക്കാവ് മേൽപ്പാലം ലക്ഷ്യമാക്കി വരുന്നതായും പ്രദേശത്തുള്ളവർ പറഞ്ഞു.
Content Highlights: 75-year-old man trapped overnight on Nadakkavu under-construction overpass., Locals rescued the victim after hearing cries for help on Tuesday morning., Residents allege severe safety lapses and lack of warning signs at the construction site., Recent incidents of unauthorized vehicle access highlight inadequate site security.