മണ്ഡലം രൂപീകരിച്ചതുമുതൽ CPM കരുത്തിൽ ശശീന്ദ്രൻ ജയിച്ച എലത്തൂർ; പിടിച്ചെടുത്ത് വിദ്യാ ബാലകൃഷ്ണൻ

എലത്തൂർ: സി.പി.എമ്മിന്റെ ഉറച്ചകോട്ടയെന്ന് അറിയപ്പെട്ട എലത്തൂരിൽ ഇത്തവണ വീശിയടിച്ചത് മാറ്റത്തിന്റെ കാറ്റ്. യു.ഡി.എഫ്. സ്ഥാനാർഥി വിദ്യാ ബാലകൃഷ്ണൻ 12,162 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മന്ത്രി എ.കെ. ശശീന്ദ്രനെ തോൽപ്പിച്ചാണ് അട്ടിമറിവിജയം നേടിയത്. വിദ്യ 77,662 വോട്ടുനേടിയപ്പോൾ എ.കെ. ശശീന്ദ്രന് 66,500 വോട്ട് ലഭിച്ചു. ബി.ജെ.പി. സ്ഥാനാർഥി ടി. ദേവദാസ് 31,510 വോട്ടുനേടി.
എൻ.സി.പി.യുടെ ചിഹ്നത്തിൽ മത്സരിച്ച പി.കെ. ശശീന്ദ്രന് 692 വോട്ടുമാത്രമാണ് ലഭിച്ചത്. 729 വോട്ടുകൾ നോട്ടയ്ക്കും ലഭിച്ചു. വോട്ടെണ്ണലിന്റെ ഒരു റൗണ്ടിൽപ്പോലും എ.കെ. ശശീന്ദ്രൻ മുന്നേറിയില്ല. മണ്ഡലരൂപവത്കരണകാലംമുതൽ ചുവപ്പിന്റെ കരുത്തിൽ എ.കെ. ശശീന്ദ്രൻ ജയിച്ചുവരുന്ന എലത്തൂർ മണ്ഡലത്തിൽ അപ്രതീക്ഷിതമായുണ്ടായ അട്ടിമറി എൽ.ഡി.എഫ്. കേന്ദ്രങ്ങളെ ഞെട്ടിച്ചു. എൻ.സി.പി.ക്കിടയിൽ സ്ഥാനാർഥിത്തർക്കം ഉണ്ടായപ്പോൾ വാശിയോടെ സമ്മർദംചെലുത്തി പിടിച്ചുവാങ്ങിയ സീറ്റാണ് യു.ഡി.എഫ്. തരംഗത്തിൽ നഷ്ടമായത്. യു.ഡി.എഫ്. തരംഗം ആഞ്ഞുവീശിയാലും പിടിച്ചുനിൽക്കാനാവുമെന്ന ആത്മവിശ്വാസത്തിലായിരുന്നു എൽ.ഡി.എഫ്.
വിദ്യക്ക് തുണയായത് പുതുമുഖപരിവേഷം
യു.ഡി.എഫ്. സ്ഥാനാർഥിയുടെ യുവത്വവും പുതുമുഖ പരിവേഷവും അട്ടിമറിവിജയത്തിന് തുണയായി. തുടർച്ചയായ നാലാംതവണയും ജനവിധി തേടിയ ശശീന്ദ്രനെതിരേ യുവത്വത്തിന്റെ കരുത്തുമായാണ് വിദ്യ എതിരിട്ടത്. മണ്ഡലത്തിലെ നിഷ്പക്ഷരായ വോട്ടർമാരെയും യുവ വോട്ടർമാരെയും സ്വാധീനിക്കാൻ വിദ്യയുടെ പുതുമുഖ പരിവേഷത്തിന് സാധിച്ചു. കഴിഞ്ഞതവണയിൽനിന്ന് വ്യത്യസ്തമായി കോൺഗ്രസിനുള്ളിലെ ഗ്രൂപ്പുവഴക്കുകൾ മാറ്റിനിർത്തി ഒറ്റക്കെട്ടായി നടത്തിയ പ്രവർത്തനവും വിദ്യക്ക് തുണയായി. എം.കെ. രാഘവൻ എം.പി.യുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഏകോപനവും നേട്ടമായി.
മണ്ഡലം പരിധിയിലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലെ യു.ഡി.എഫ്. പ്രകടനം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിച്ചു. എലത്തൂരിൽ കോർപ്പറേഷൻ പരിധിയിലും കക്കോടിയിലും മാത്രമാണ് എൽ.ഡി.എഫിന് അല്പമെങ്കിലും വോട്ടുപിടിക്കാനായത് .ഭൂരിപക്ഷം പഞ്ചായത്തുകളിലും യു.ഡി.എഫ്. മികച്ച മുന്നേറ്റംകാഴ്ചവെച്ചു. പതിറ്റാണ്ടുകളുടെ രാഷ്ട്രീയ പരിചയമുള്ള ശശീന്ദ്രന് തിരിച്ചടിയായത് സി.പി.എമ്മിനകത്തെ വോട്ടുചോർച്ചകൂടിയാണ്. എലത്തൂർ സീറ്റ് എൻ.സി.പി.ക്ക് നൽകുന്നതിലുള്ള പ്രാദേശിക സി.പി.എം. പ്രവർത്തകരുടെ അതൃപ്തി വോട്ടുചോർച്ചയ്ക്ക് കാരണമായോ എന്നും വിലയിരുത്തപ്പെടുന്നുണ്ട്.
കെ.പി.സി.സി. ജനറൽ സെക്രട്ടറികൂടിയായ വിദ്യാബാലകൃഷ്ണൻ ഓൾ ഇന്ത്യ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയായും സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചതിന്റെ പരിചയത്തിലാണ് സ്ഥാനാർഥിയായിവന്നത്. പൗരത്വനിയമ ഭേദഗതിക്കെതിരേയുള്ള പ്രതിഷേധത്തിൽ പങ്കെടുത്ത് ജയിൽവാസമനുഷ്ഠിച്ചിട്ടുമുണ്ട്. കോർപ്പറേഷൻ ചേവായൂർ വാർഡിനെ രണ്ടുതവണ പ്രതിനിധാനം ചെയ്തിട്ടുണ്ട്. കോഴിക്കോട് ഗവ. ലോ കോളേജിൽ നിന്നാണ് നിയമബിരുദം നേടിയത്. വെള്ളിമാടുകുന്നിലാണ് താമസം പാറമ്മൽ ബാലകൃഷ്ണന്റയും ശുഭാദേവിയുടെയും മകളാണ്. ഭർത്താവ്: വി.പി. ബവീഷ്.
ശശീന്ദ്രന് വൻ വീഴ്ച...
കോഴിക്കോട്: എൻ.സി.പി. (എസ്.പി) ജില്ലാനേതൃത്വം ഉയർത്തിയ കലാപങ്ങൾ മറികടന്ന് ദേശീയനേതാക്കളുടെ പിന്തുണയോടെയാണ് എ.കെ. ശശീന്ദ്രൻ എലത്തൂരിൽ നാലാംതവണയും സ്ഥാനാർഥിയായത്. അത് എൽ.ഡി.എഫിന്റെ ജില്ലയിലെ ഏറ്റവും സുരക്ഷിതസീറ്റിൽ വലിയ തിരിച്ചടിയായി മാറിയെന്നുമാത്രമല്ല എൻ.സി.പി.(എസ്.പി.)യ്ക്ക് ആദ്യമായി ജില്ലയിൽ എം.എൽ.എ. ഇല്ലാതായി. എ.സി. ഷൺമുഖദാസിന്റെ പിന്തുടർച്ചക്കാരനായി കോഴിക്കോട് ജില്ലയിലെത്തിയ ആളാണ് എ.കെ. ശശീന്ദ്രൻ. എൻ.സി.പി.ക്കും അതിന്റെ പഴയരൂപമായ കോൺഗ്രസ്(എസ്)നും ജില്ലയിൽ വലിയ രാഷ്ട്രീയസ്വാധീനമില്ലെങ്കിലും സി.പി.എമ്മിന്റെ കരുത്തിൽ 45 വർഷത്തിലധികമായി വിജയിച്ചുപോരുകയായിരുന്നു. ആ വിജയയാത്രയാണ് ശശീന്ദ്രന്റെ തോൽവിയോടെ ഇത്തവണ എലത്തൂരിൽ അവസാനിച്ചത്.
2011-ൽ മണ്ഡലം രൂപവത്കരിക്കപ്പെട്ട കാലംമുതൽ എ.കെ. ശശീന്ദ്രൻതന്നെയാണ് എലത്തൂരിൽ വിജയിക്കുന്നത്. 2021-ൽ 38,502 എന്ന ജില്ലയിലെ ഏറ്റവുംകൂടിയ ഭൂരിപക്ഷത്തോടെയായിരുന്നു എ.കെ. ശശീന്ദ്രന്റെ വിജയം. ഇത്തവണ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ മൊത്തത്തിൽ കോഴിക്കോട്ട് വലിയ തിരിച്ചടി നേരിട്ടപ്പോഴും 5337 വോട്ടിന്റെ മുൻതൂക്കമാണ് എലത്തൂരിൽ എൽ.ഡി.എഫിന് ലഭിച്ചത്.
പക്ഷേ, നിയമസഭാ തിരഞ്ഞെടുപ്പിൽ ചിത്രം മാറി. 12,162 വോട്ടിനാണ് കോൺഗ്രസിലെ വിദ്യാ ബാലകൃഷ്ണനോട് എ.കെ. ശശീന്ദ്രൻ പരാജയപ്പെട്ടത്. സി.പി.എം. വോട്ടുകളിലെ ചോർച്ചയാണ് ശശീന്ദ്രന്റെ തോൽവിക്ക് കാരണം. ശശീന്ദ്രനെ വീണ്ടും മത്സരിപ്പിക്കുന്നതിലുള്ള എൽ.ഡി.എഫ്. പ്രവർത്തകരുടെ അതൃപ്തി കൃത്യമായി തിരഞ്ഞെടുപ്പിൽ പ്രകടമായെന്നാണ് മത്സരഫലം വ്യക്തമാക്കുന്നത്.
എൻ.സി.പി. (എസ്.പി.) ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദിനെ സ്ഥാനാർഥിയാക്കണമെന്നായിരുന്നു ജില്ലാനേതൃത്വം ആവശ്യപ്പെട്ടത്. ഏഴുതവണ എം.എൽ.എ.യായ ആൾ എന്നനിലയിൽ ശശീന്ദ്രനോട് മാറിനിൽക്കാനും പറഞ്ഞിരുന്നു. പക്ഷേ, മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുപ്പംകൂടി സീറ്റ് ലഭിക്കാൻ അദ്ദേഹത്തിന് തുണയായി. എ.സി. ഷൺമുഖദാസാണ് കോൺഗ്രസ്(എസ്)ന്റെ പഴയരൂപമായ കോൺഗ്രസ് (യു) പ്രതിനിധിയായി ജില്ലയിൽനിന്ന് ആദ്യമായി ജയിക്കുന്നത്. പിന്നീട് കോൺഗ്രസ് (എസ്) രൂപവത്കരിക്കപ്പെട്ടപ്പോഴും അദ്ദേഹം തുടർന്നു. എലത്തൂരിൽ മൂന്നുതവണ എം.എൽ.എ.യായ ശശീന്ദ്രൻ രണ്ടുതവണ മന്ത്രിയുമായി. യു.ഡി.എഫിന് പ്രതീക്ഷയില്ലാത്ത മണ്ഡലമായിരുന്നു എലത്തൂർ. പക്ഷേ, യു.ഡി.എഫ്. സ്ഥാനാർഥി വിദ്യാ ബാലകൃഷ്ണന് വലിയ സ്വീകാര്യതയാണ് മണ്ഡലത്തിൽ ലഭിച്ചതെന്ന് ഭൂരിപക്ഷം വ്യക്തമാക്കുന്നു.
Content Highlights: Vidya Balakrishnan (UDF) defeated A.K. Saseendran (LDF) with a majority of 12,162 votes., The victory marks a major upset in the LDF stronghold of Elathur., Factors for success included the candidate's youth appeal, strategic coordination, and internal LDF vote leakage., A.K. Saseendran's fourth consecutive term bid ended in failure, leaving the NCP without an MLA in the district., The result reflects a shift in voter sentiment from the 2021 assembly and recent local body election trends.