വീടും മൃതദേഹം കണ്ടെടുത്ത കുഴിയും കാണാന്‍ ആളുകള്‍ എത്തുന്നു; നരബലി പുറംലോകം അറിഞ്ഞിട്ട് ഒരു മാസം

ഇലന്തൂർ: ആ നരബലി നാടിനെ നടുക്കി. ഇപ്പോൾ കേസ് അന്വേഷണം പുരോഗമിക്കുകയാണ്. സംഭവം നടന്ന ഇലന്തൂർ മണ്ണപ്പുറം കടകംപള്ളി വീട്ടിൽ പോലീസ് നിയന്ത്രണങ്ങൾ പിൻവലിച്ചു. ഇപ്പോൾ ഇവിടേക്ക് എല്ലാദിവസവും ആളുകൾ കാണാനെത്തുന്നു. ചിലർക്ക് കാണേണ്ടത് മൃതശരീരങ്ങൾ കണ്ടെടുത്ത കുഴികളാണ്. മറ്റുചിലർ കൊലനടന്ന വീടിനുൾവശം കാണാൻ ശ്രമിക്കുന്നു.
വീടിന്റെ രണ്ടുവശത്തേക്കുള്ള വാതിലുകളും താഴിട്ടുപൂട്ടിയനിലയിലാണ്. ചുരുക്കംചില ജനലുകൾ തുറന്നുകിടക്കുന്നു. ഇതുവഴി വീടിനുള്ളിലെ കാഴ്ചകൾ പൂർണമായും കാണാൻ സാധിക്കില്ല. അലങ്കോലമായിക്കിടക്കുന്ന മുറികളിൽ കുറച്ച് വസ്ത്രങ്ങൾ, അലമാരകൾ, പേപ്പറുകൾ, വീട്ടുപകരണങ്ങൾ എന്നിവ മാത്രമേയുള്ളൂ. വൈദ്യശാലയുടെ വാതിലുകളും പൂട്ടിയിട്ടിരിക്കുകയാണ്. ഇവിടെ വെച്ചാണ് ശരീരഭാഗങ്ങൾ മുറിച്ചത്. ഈ ജനലുകളിലൂടെ ഒളികണ്ണിട്ട് നോക്കുന്ന ഒാരോരുത്തരുടേയും മുഖത്ത് ഭയം മിന്നിമറയുന്നത് കാണാം.
മൂന്നുവശവും ഒഴിഞ്ഞുകിടക്കുന്ന ഈ മൂന്നരയേക്കർ ഇന്ന് ശ്മശാനതുല്യം. പഴയവീടും തിരുമ്മൽകേന്ദ്രവും ചുറ്റും തളംക്കെട്ടിനിൽക്കുന്ന ശാന്തതയും ഭയം കൂട്ടും.
ഇതിനിടെ, കുട്ടികളുമായി സന്ദർശനത്തിനെത്തിയവരോട് “ഈ കുട്ടികളോട് നിങ്ങൾ എന്ത് വിശദീകരിക്കും”എന്നൊരുകൂട്ടം നാട്ടുകാർ ചോദിച്ചു. അതിനുശേഷം കുട്ടികളുമായി ഇവിടെ എത്തുന്നവർ കുറവാണെന്ന് അയൽവാസികൾ പറയുന്നു. ശനിയാഴ്ചയോടെ പോലീസ് നിയന്ത്രണങ്ങൾ മാറ്റിയിട്ടുണ്ടെങ്കിലും ബാരിക്കേഡുകൾ അവിടെത്തന്നെയുണ്ട്.
ഇവർ മനുഷ്യർ തന്നെയോ?
ദൂരദേശത്തുനിന്നും ആളുകൾ എത്തുന്നുണ്ട്. വരുന്നവരിൽ ചിലർ പേടികാരണം തൊടിക്ക് പുറത്തുനിൽക്കുന്നതുകാണാം. ചിലർ, ഇവർ (പ്രതികൾ) മനുഷ്യർ തന്നെയാണോയെന്ന് ചോദിക്കാറുണ്ട്. ഇപ്പോഴും ഞങ്ങൾക്ക് നടുക്കംമാറിയിട്ടില്ല
-ജോസ് (അയൽവാസി)
നാൾവഴി
* ഒക്ടോബർ 10-ന്, പദ്‌മയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഇലന്തൂർ മണ്ണപ്പുറം ആഞ്ഞിലിമൂട്ടിൽ വീട്ടിൽനിന്നു പ്രതികളായ ഭഗവൽസിങ്ങിനെയും ലൈലയെയും കടവന്ത്ര പോലീസ് അറസ്റ്റുചെയ്യുന്നു.
* കൂടുതൽ മൃതദേഹങ്ങളെന്ന് സംശയം 11-ന് തെളിവെടുപ്പിനായി ഷാഫി, ഭഗവൽ സിങ്, ലൈല എന്നിവരെ ഇലന്തൂരിൽ എത്തിക്കുന്നു. പദ്‌മത്തിന്റെയും (52) റോസ്‌ലിന്റെയും (49) ശരീരഭാഗങ്ങൾ കണ്ടെടുക്കുന്നു.
* 12-ന് പ്രതികളെ റിമാൻഡുചെയ്യുന്നു.
* 15-ന് തെളിവെടുപ്പിനായി ഷാഫി, ഭഗവൽ സിങ്, ലൈല എന്നിവരെ വീണ്ടും ഇലന്തൂരിൽ എത്തിക്കുന്നു. ഡോഗ്സ്ക്വാഡും ഫൊറൻസിക് സംഘവും വീടും പരിസരവും പരിശോധിക്കുന്നു. തെളുവെടുപ്പിനിടെ നാട്ടുകാരുടെ പ്രതിഷേധം
* 19-ന് വീണ്ടും തെളിവെടുപ്പിനായി എത്തിക്കുന്നു. പദ്‌മയുടെ ഫോണിനായി തിരച്ചിൽ. ജില്ലയിലെ പലസ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തി.
* 25-ന് റോസ്‌ലിന്റെ കേസ് വിശദമായി അന്വേഷിക്കാൻ വീണ്ടും തെളിവെടുപ്പിനായി എത്തിക്കുന്നു.
നിരവധിപ്രാവശ്യം തെളിവെടുപ്പുകൾ നടത്തി. കൊല്ലപ്പെട്ടവരുടെ മൊബൈൽ ഫോണുകൾ വീടിന് പിന്നിലെ തോട്ടിൽ വലിച്ചെറിഞ്ഞെന്ന് ഭഗവൽസിങ് മൊഴി നൽകിയെങ്കിലും കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല.
Content Highlights: crime tourism to elanthoor human sacrifice Bagavalsingh house