തീപ്പിടിത്തത്തിൽ മരിച്ചയാളുടെ മൃതദേഹവുമായി വൻ പ്രതിഷേധം; തീരുമാനമായത് രാത്രി, 15 ലക്ഷം നഷ്ടപരിഹാരം

കടുങ്ങല്ലൂർ(എറണാകുളം): എടയാറിലെ ഓയിൽകമ്പനിയിലുണ്ടായ തീപ്പിടിത്തത്തിൽ മരിച്ച ബിഹാർ സ്വദേശി ശത്രുഖൻ മുഖ്യയുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം പ്രഖ്യാപിക്കാത്തതിൽ വൻ പ്രതിഷേധം. മൃതദേഹവുമായി കുടുംബാംഗങ്ങളും അതിഥിത്തൊഴിലാളികളും മണിക്കൂറുകൾ റോഡ് ഉപരോധിച്ചു. മൂന്നരമണിക്കൂറോളം നീണ്ട ചർച്ചയ്‌ക്കൊടുവിൽ വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് പ്രശ്‌നം ഒത്തുതീർന്നത്. ഇതുപ്രകാരം മരിച്ചയാളുടെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുവാൻ ധാരണയായി.
വ്യാഴാഴ്ച സി.ജി. ലൂബ്രിക്കന്റ്സ് എന്ന കമ്പനിയിലുണ്ടായ തീപ്പിടിത്തത്തിലാണ് ബിഹാർ സ്വദേശി ശത്രുഖൻ മുഖ്യ മരിച്ചത്. ബിനാനിപുരം ഉഷസ്സിൽ കുടുംബത്തോടൊപ്പം സ്ഥിരതാമസമാക്കിയിട്ടുള്ള ശത്രുഖൻ മുഖ്യ 25 വർഷമായി ഈ കമ്പനിയിൽ ജോലിചെയ്തുവരുകയാണ്. ഭാര്യയും മൂന്ന് മക്കളുമാണുള്ളത്. ശത്രുഖൻ മുഖ്യയുടെ വരുമാനംകൊണ്ടാണ് ഈ കുടുംബം ജീവിച്ചുപോരുന്നത്. അദ്ദേഹത്തിന്റെ മരണത്തോടെ അതെല്ലാം നിലച്ചു. അതുകൊണ്ട് മതിയായ നഷ്ടപരിഹാരം കമ്പനിയുടെഭാഗത്തുനിന്നും ലഭിക്കണമെന്നായിരുന്നു ബന്ധുക്കളുടെ നിലപാട്.
അപകടം വിലയിരുത്താൻ ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ അധ്യക്ഷതയിൽചേർന്ന യോഗത്തിൽ ഈ ആവശ്യം ചർച്ചചെയ്തു. അടിയന്തരസഹായമായി അഞ്ചുലക്ഷം രൂപനൽകാനും കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുക്കാനും ഭാര്യയ്ക്ക് തൊഴിൽ നൽകാനും കമ്പനി മാനേജ്മെന്റിന് നിർദേശം നൽകിയതായി ജില്ലാ കളക്ടർ അറിയിച്ചു. അത് മതിയാവില്ലെന്ന നിലപാടിലായിരുന്നു കുടുംബം. വൈകുന്നേരംവരെ മൃതദേഹം വീട്ടിൽതന്നെവെച്ച് പ്രതിഷേധിച്ചു. കമ്പനി അധികൃതരും വ്യവസായ അസോസിയേഷൻ പ്രതിനിധികളും സമവായത്തിന് ശ്രമിച്ചെങ്കിലും പ്രതിഷേധക്കാർ ഉറച്ചുനിന്നു. 25 ലക്ഷം രൂപയെങ്കിലും നൽകണമെന്നാണായിരുന്നു ആവശ്യം. അതിന് കമ്പനി തയ്യാറാകാതിരുന്നതോടെ മൃതദേഹം എടയാർ പ്രധാന റോഡിലേക്കെത്തിച്ച് ഉപരോധം തുടങ്ങി.ഇതോടെ ഗതാഗതം തടസ്സപ്പെട്ടു. പോലീസ് സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിച്ചെങ്കിലും ഉപരോധം തുടരുകയായിരുന്നു.
അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ, ഡി.വൈ.എസ്.പി. ബാബുക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിൽ മൂന്നുമണിക്കൂറിലേറെ നീണ്ട ചർച്ചയ്ക്ക് ഒടുവിലാണ് 15 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് ധാരണയായത്. രാത്രി പതിനൊന്നരയോടെ ഉപരോധം അവസാനിപ്പിച്ചു.തുടർന്ന് എടയാർ ശാന്തിതീരം പൊതുശ്മശാനത്തിൽ മൃതദേഹം സംസ്‌കരിക്കാൻ നടപടികൾ സ്വീകരിച്ചു.
Content Highlights: Fatal fire incident at CG Lubricants in Edayar, Ernakulam., Victim identified as Bihar native Shatrughan Mukhiya., Family staged a road blockade demanding fair compensation., Settlement reached for 15 lakhs after government intervention., Additional support includes education for children and job for the widow.