കേടുവന്ന് റോഡരികിൽ നിർത്തിയിട്ട കാർ ഉടമയറിയാതെ ആക്രിക്കടക്കാർക്ക് വിറ്റ് യുവാവ്; സംഭവം വട്ടംകുളത്ത്

എടപ്പാൾ(മലപ്പുറം): വീടിനുമുൻപിലെ റോഡരികിൽ കേടുവന്ന് നിർത്തിയിട്ട കാർ ഉടമയറിയാതെ അജ്ഞാതൻ ആക്രിക്കടക്കാർക്ക് വിറ്റു. മണ്ണുമാന്തിയുമായെത്തി കാർ കയറ്റിക്കൊണ്ടുപോകാൻ കടക്കാരെത്തിയതുകണ്ട ഉടമ അമ്പരന്നു. വീട്ടുകാരും നാട്ടുകാരുമെല്ലാംചേർന്ന് ശ്രമം തടഞ്ഞതോടെയാണ് കഥ പുറത്തായത്.
വട്ടംകുളം പരീച്ചി സിദ്ദിഖിന്റെ പഴയ കാറാണ് അദ്ദേഹമോ വീട്ടുകാരോ അറിയാതെ പടിഞ്ഞാറങ്ങാടി സ്വദേശിയായ വിരുതൻ പട്ടാമ്പിയിലെ ആക്രിക്കടക്കാർക്ക് വിറ്റത്. ഏതാനുംവർഷം മുൻപ് തകരാറിലായതിനെത്തുടർന്ന് വീടിനുമുൻപിൽ റോഡരികിൽ നിർത്തിയിട്ടതാണ്.
കഴിഞ്ഞദിവസം സന്ധ്യയോടെ ഒരുസംഘം ലോറിയും മണ്ണുമാന്തി യന്ത്രവുമായെത്തി കാർ ലോറിയിൽ കയറ്റാൻ ശ്രമമാരംഭിച്ചു.
സിദ്ദിഖ് വീട്ടിലില്ലാത്തതിനാൽ ഭാര്യ വന്ന് കാര്യമന്വേഷിച്ചപ്പോഴാണ് തങ്ങളുടെ കാർ തങ്ങളറിയാതെ വിറ്റ കഥയറിഞ്ഞത്.
പടിഞ്ഞാറങ്ങാടിയിലെ യുവാവ് പട്ടാമ്പിക്കാരായ കച്ചവടക്കാർക്ക് ഈ വാഹനം ചൂണ്ടിക്കാണിച്ചുനൽകി വില്പന ഉറപ്പിച്ച് പണം വാങ്ങിക്കുകയായിരുന്നു.
ഇതിനിടെ സിദ്ദിഖ് സ്ഥലത്തെത്തി വാഹനം തങ്ങളുടേതാണെന്നും ആർക്കും വിറ്റിട്ടില്ലെന്നും അറിയിച്ചു. വിവരമറിഞ്ഞ് നാട്ടുകാരും ചങ്ങരംകുളം പോലീസുമെത്തി.
ഒടുവിൽ പോലീസ് അവരുമായി പടിഞ്ഞാറങ്ങാടിയിലെത്തി യുവാവിനെ ചോദ്യംചെയ്തശേഷം കസ്റ്റഡിയിലെടുത്തു.
മധ്യസ്ഥചർച്ചയിൽ തുക തിരികെനൽകാമെന്നും കാർ വാഹനത്തിൽ കയറ്റുമ്പോൾ ഉണ്ടായ തകരാറുകൾ പരിഹരിക്കാമെന്നുമുള്ള ഉറപ്പിൽ കേസെടുക്കാതെ പ്രശ്‌നം അവസാനിപ്പിച്ചു.
Content Highlights: A stranger attempted to sell an abandoned car belonging to a resident in Vattamkulam., The perpetrator used a crane and lorry to remove the vehicle without the owner's knowledge., Local residents and the owner intervened to stop the theft., Changaramkulam police intervened, leading to a mediation where the perpetrator agreed to compensate for damages.