പിൻവലിച്ചാൽ തീരുമോ ഇ.ഡി.ക്കു നൽകിയ മൊഴിയുടെ തെളിവുമൂല്യം? അന്തിമതീരുമാനം കോടതിയുടേത്

#വി.എസ്. സിജു
മൊഴി പിൻവലിക്കൽ സത്യവാങ്മൂലത്തിന്റെ പകർപ്പ്, പി.എ. മുഹമ്മദ് റിയാസ്
മൊഴി പിൻവലിക്കൽ സത്യവാങ്മൂലത്തിന്റെ പകർപ്പ്, പി.എ. മുഹമ്മദ് റിയാസ്

കൊച്ചി: സി.എം.ആർ.എൽ.-എക്‌സാലോജിക് പണമിടപാടു കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്തപ്പോൾ നൽകിയ മൊഴി മുൻമന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്ത് വാരിസ് പിൻവലിച്ചെങ്കിലും കോടതിയാണ് അന്തിമതീരുമാനമെടുക്കുക.

ഇ.ഡി.ക്ക് പി.എം.എൽ.എ. വകുപ്പ് 50 പ്രകാരം നൽകുന്ന മൊഴിക്ക് തെളിവുമൂല്യമുണ്ട്. അതിനാൽത്തന്നെ ചോദ്യംചെയ്യുമ്പോൾ നൽകുന്ന മൊഴി പിൻവലിച്ചു എന്നതിന്റെപേരിൽ കോടതി അത് അംഗീകരിക്കില്ല. അതിനാവശ്യമായ തെളിവുകൾ മൊഴി പിൻവലിച്ച ആൾതന്നെ വിചാരണവേളയിൽ നൽകണം. ആദ്യം നൽകിയ മൊഴിയും മാറ്റിപ്പറഞ്ഞ മൊഴിയും കോടതി കണക്കിലെടുക്കും.

മൊഴി പിൻവലിക്കുന്നതായി വ്യക്തമാക്കി വാരിസ് ഇ.ഡി.ക്ക് സത്യവാങ്മൂലം നൽകിയിരുന്നു. ഇക്കാര്യത്തിൽ കാലതാമസം ഉണ്ടായില്ലെന്നതടക്കമുള്ള വാദം വാരിസിന് ഉന്നയിക്കാനാകും. കേസ് ഏറെ പിന്നിട്ടശേഷമാണ് മൊഴി പിൻവലിക്കുന്നതെങ്കിൽ കോടതി സാധാരണ അംഗീകരിക്കാറില്ല. പോലീസിനുമുൻപിൽ നൽകുന്ന മൊഴിക്ക് തെളിവുമൂല്യമില്ലെന്ന് തെളിവുനിയമം വകുപ്പ് 25 (ബി.എസ്.എ.വകുപ്പ് 23(1)) വ്യക്തമാക്കുന്നുണ്ട്. ഈ വ്യവസ്ഥ ഇ.ഡി.ക്കും കസ്റ്റംസിനും നൽകുന്ന മൊഴിയുടെ കാര്യത്തിൽ ബാധകമല്ല.

ഇ.ഡി. ഭീഷണിപ്പെടുത്തി മൊഴിയെടുത്തെന്നാണ് ആരോപിച്ചാണ് വാരിസ് മൊഴി പിൻവലിച്ചത്. ഇ.ഡി. റെയ്ഡിന് തൊട്ടുപിറ്റേദിവസമാണ് മൊഴി പിൻവലിച്ചുകൊണ്ടുള്ള സത്യവാങ്മൂലം നൽകിയത്. സത്യവാങ്മൂലത്തിന്റെ പകർപ്പ് പുറത്തുവന്നു.

Content Highlights: Waris retracted his statement given to the ED regarding the CMRL-Exalogic financial transaction case., Statements given to the ED under PMLA Section 50 hold evidentiary value in court., Retracting a statement requires valid proof presented by the individual during the trial phase., Police interrogation rules differ from ED and Customs proceedings under the law.