സംസ്ഥാനത്തെ SDPI ഓഫീസുകളിൽ ഇഡി റെയ്ഡ്; രാജ്യവ്യാപകമായി 12 ഇടങ്ങളിൽ പരിശോധന

എസ്.ഡി.പി.ഐ. ഓഫീസിൽ നിന്നുള്ള ദൃശ്യങ്ങളിൽ നിന്ന്
എസ്.ഡി.പി.ഐ. ഓഫീസിൽ നിന്നുള്ള ദൃശ്യങ്ങളിൽ നിന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.ഡി.പി.ഐ. ഓഫീസുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) റെയ്ഡ്. തിരുവനന്തപുരത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിലും മലപ്പുറത്തും റെയ്ഡ് പുരോ​ഗമിക്കുന്നു. രാജ്യത്ത് 10 സംസ്ഥാനങ്ങളിലായി 12 കേന്ദ്രങ്ങളിൽ റെയ്ഡ് നടക്കുന്നു എന്നാണ് വിവരം. വ്യാഴാഴ്ച രാവിലെ 9.30-ഓടെയാണ് റെയ്ഡ് ആരംഭിച്ചത്. 

2009-ൽ സ്ഥാപിതമായ എസ്.ഡി.പി.ഐ., നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രാഷ്ട്രീയവിഭാഗമാണെന്ന്‌ നേരത്തേ ഇ.ഡി. ആരോപിച്ചിരുന്നു. സാമ്പത്തികവും നയപരമായും എസ്.ഡി.പി.ഐ.യിൽ പി.എഫ്.ഐ സ്വാധീനമുണ്ട്. സ്ഥാനാർഥി നിർണയത്തിൽപ്പോലും എസ്.ഡി.പി.ഐ.യെ പി.എഫ്.ഐ. സ്വാധീനിച്ചുവെന്ന കണ്ടെത്തലിനെ തുടർന്നാണ് ഇപ്പോൾ റെയ്ഡ്. 

എസ്.ഡി.പി.ഐ. ദേശീയ അധ്യക്ഷൻ എം.കെ. ഫൈസിയെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു. പാലക്കാട്‌ പട്ടാമ്പി സ്വദേശിയാണ്‌ ഫൈസി.

നിയമവിരുദ്ധസംഘടന എന്ന പേരിൽ 2022-ലാണ് കേന്ദ്രസർക്കാർ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത്. നിരോധിക്കുന്നതിനുമുൻപേ ഇ.ഡി.യും ദേശീയ അന്വേഷണ ഏജൻസിയും വിവിധ സംസ്ഥാന പോലീസ്‌ സേനകളും തുടർച്ചയായി പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരേ റെയ്ഡുകളും എൻഫോഴ്സ്‌മെന്റ് നടപടികളും നടത്തിയിരുന്നു. എന്നാൽ, പോപ്പുലർ ഫ്രണ്ട് ബന്ധം നിഷേധിക്കുന്ന എസ്.ഡി.പി.ഐ. സ്വയം സ്വതന്ത്രസംഘടനയാണെന്നാണ് അവകാശപ്പെടുന്നത്. 

Content Highlights: Enforcement Directorate raids SDPI offices across 10 states