ഇ-ഫയലിങ് പണിമുടക്കി; ഒരു ഉത്തരവുപോലും ഇറക്കാനാകുന്നില്ല, സെക്രട്ടേറിയറ്റിൽ ഭരണസ്തംഭനം

തിരുവനന്തപുരം: സംസ്ഥാനത്ത് സെക്രട്ടേറിയറ്റിൽ ഭരണസ്തംഭനം. രണ്ട് ദിവസമായി ഇ-ഫയലിങ് പണിമുടക്കിയതോടെ ഫയൽ നീക്കം പൂർണമായും നിലച്ചു. ഒരു ഉത്തരവ് പോലും വകുപ്പുകള്‍ക്ക് ഇറക്കാനാകുന്നില്ല. പ്രശ്നം പരിഹരിക്കാൻ നാഷണൽ ഇൻഫോർമാറ്റിക്സ് സെൻററിനും (എൻ.ഐ.സി) ഇതുവരെ കഴിഞ്ഞിട്ടില്ലെന്നതും തിരിച്ചടിയാണ്.
കഴിഞ്ഞദിവസം പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ഫയൽനീക്കം പൂർണമായും സ്തംഭിക്കുന്ന തരത്തിലേക്കാണ് കാര്യങ്ങൾ പോയത്. ഒന്നരമാസം മുമ്പാണ് ഇ-ഫയലിങ് സംവിധാനത്തിൽ പുനഃക്രമീകരണം കൊണ്ടുവന്നത്. ഇതിന് ശേഷം ഫയൽ നീക്കം മന്ദഗതിയിലായെന്ന് ഉദ്യോഗസ്ഥർക്ക് പരാതിയുണ്ടായിരുന്നു.
ഇങ്ങനെയിരിക്കെയാണ് ചൊവ്വാഴ്ച രാവിലെ മുതൽ ഇ-ഓഫീസ് പൂർണമായും പണിമുടക്കിയത്. ഇ-ഫയലുകൾ തുറക്കാൻ പോലും ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ല. ഇ-ഫയലിങ് നടപ്പിലാക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുന്ന നാഷണൽ ഇൻഫോർമാറ്റിക്സ് സെൻററിനെ വിവരമറിയിച്ചു. രണ്ടു ദിവസമായിട്ടും എന്താണ് പ്രശനമെന്ന് കണ്ടെത്താൻ പോലും എൻ.ഐ.സിക്ക് കഴിഞ്ഞിട്ടില്ല. സംഭവത്തിൽ ഐടി സെക്രട്ടറി എൻ.ഐ.സി ഉദ്യോഗസ്ഥരോട് ദേഷ്യപ്പെടുന്ന സാഹചര്യം ഉണ്ടായിരുന്നു.
പൂർണമായും ഇ-ഫയലിങ്ങായതിനാൽ തുടർന്നുള്ള ഫയലെഴുത്തുകള്‍ കടലാസാക്കാനും കഴിയുന്നില്ല എന്നതാണ് ഉദ്യോഗസ്ഥർ നേരിടുന്ന പ്രശ്നം. പിൻഫയലുകളുടെ വിവരങ്ങള്‍ അറിയാൻ കഴിയാത്തതുകൊണ്ടാണ് തുടർ നീക്കവും തടസപ്പെടുന്നത്. പ്രശ്നം പരിഹരിക്കണമെങ്കിൽ ഡൽഹിയിൽനിന്ന് എൻ.ഐ.സി ഉദ്യോഗസ്ഥർ എത്തേണ്ടിവരുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
Content Highlights: e filing issue file transfer stopped secretariat