'പാടുന്നോര്‍ പാടട്ടെ, ആടുന്നോര്‍ ആടട്ടെ'; മതമില്ലാതെ നൃത്തമാടി മന്‍സിയ,വേദിയില്‍ ദേവസ്വം ചെയര്‍മാനും

ഇരിങ്ങാലക്കുട: കലാമനസ്സുകള്‍ക്കിടയില്‍ മതിലുകള്‍ കെട്ടാനല്ല, പാലങ്ങള്‍ കെട്ടാനാണ് ശ്രമിക്കേണ്ടതെന്ന് മന്ത്രി ആര്‍. ബിന്ദു. അഹിന്ദുവായ കാരണത്താല്‍ കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് കലാപരിപാടി അവതരിപ്പിക്കാന്‍ അവസരം നിഷേധിച്ചതിനെ തുടര്‍ന്ന് ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തില്‍ 'കലയ്ക്ക് മതമില്ല, പാടുന്നോര്‍ പാടട്ടെ, ആടുന്നോര്‍ ആടട്ടെ' എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി.
ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് അധ്യക്ഷത വഹിച്ചു. സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദന്‍, കവി പി.എന്‍. ഗോപീകൃഷ്ണന്‍, ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, എഴുത്തുകാരി രേണു രാമനാഥന്‍, ഡി.വൈ.എഫ്.ഐ. കേന്ദ്ര കമ്മിറ്റിയംഗം ഗ്രീഷ്മ അജയഘോഷ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ അഡ്വ. എന്‍.വി. വൈശാഖന്‍, ആര്‍.എല്‍. ശ്രീലാല്‍, ജില്ലാ പ്രസിഡന്റ് കെ.വി. രാജേഷ്, ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ.ആര്‍. വിജയ, സംഘാടക സമിതി ചെയര്‍മാന്‍ വി.എ. മനോജ്കുമാര്‍, ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി പി.കെ. മനുമോഹന്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി പി.ബി. അനൂപ് സ്വാഗതവും ബ്ലോക്ക്് പ്രസിഡന്റ് ഐ.വി. സജിത്ത് നന്ദിയും പറഞ്ഞു. സമ്മേളനാനന്തരം മന്‍സിയയുടെ നൃത്തം അരങ്ങേറി.
പരിപാടിയില്‍ ദേവസ്വം ചെയര്‍മാനും
ഇരിങ്ങാലക്കുട: ഡി.വൈ.എഫ്.ഐ. സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ്മേനോനും. പരിപാടിയോടനുബന്ധിച്ചുള്ള സാംസ്‌കാരിക സദസ്സിന്റെ വേദിയിലാണ് ദേവസ്വം ചെയര്‍മാന്‍ എത്തിയത്. വേദി പങ്കിട്ട അദ്ദേഹം പക്ഷേ, പ്രസംഗിച്ചില്ല. എന്നാല്‍ ദേവസ്വം ചെയര്‍മാന്‍ എന്ന നിലയില്‍ ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥനാണെന്ന് അദ്ദേഹം വിശദീകരിച്ചു. ക്ഷേത്രാചാരങ്ങളിലും അനുഷ്ഠാനങ്ങളിലും പുരോഗമനപരവും കാലോചിതവുമായ മാറ്റങ്ങള്‍ക്കുവേണ്ടിയുള്ള സമവായ ചര്‍ച്ചകളിലും സംവാദങ്ങളിലും പങ്കെടുത്ത് തങ്ങളുടെ നിലപാട് വ്യക്തമാക്കുകയാണ് ചെയ്യുന്നത്. ഇതൊരു കൂടല്‍മാണിക്യം-മന്‍സിയ വിഷയമായി കാണുന്നില്ല. കേരളത്തിലെ തൊണ്ണൂറു ശതമാനം ക്ഷേത്രങ്ങളിലും അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന് ബോര്‍ഡുണ്ട്. ഇക്കാര്യവുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകളും സംവാദങ്ങളുമായാണ് ഇതിനെ കാണേണ്ടതുള്ളൂവെന്ന് ദേവസ്വം ചെയര്‍മാന്‍ വിശദീകരിച്ചു.
Content Highlights: dyfi set up stage for mansiya's dance programme