കൈവിട്ടെന്ന് കരുതിയ ജീവന്‍ തിരിച്ചുകിട്ടി; അപരിചിതയ്ക്ക് വൃക്കദാനം ചെയ്ത് DYFI മേഖലാ സെക്രട്ടറി

കോഴിക്കോട്: തീര്‍ത്തും അപരിചിതയായ ഒരാള്‍ക്ക് സ്വന്തം വൃക്കദാനം ചെയ്ത് പുതുജീവിതമേകിയിരിക്കുകയാണ് വയനാട് ചീയമ്പം പള്ളിപ്പടിയിലെ മണികണ്ഠന്‍. കോഴിക്കോട് പയ്യോളി സ്വദേശിനിയായ 37കാരിക്കാണ് അവസാനിച്ചു എന്നു കരുതിയ ജീവന്‍ മണികണ്ഠനിലൂടെ തിരിച്ചുകിട്ടിയത്. രണ്ട് കുട്ടികള്‍ക്ക് അവരുടെ അമ്മയുടെ ജീവിതം തിരികെ കൊടുത്തതിന്റെ സന്തോഷത്തിലാണ് ഡിവൈഎഫ്ഐ ഇരുളം മേഖലാ സെക്രട്ടറികൂടിയായ മണികണ്ഠന്‍.
34മത്തെ വയസ്സില്‍ ഒരിക്കല്‍ പോലും കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത ഒരാള്‍ക്ക് വൃക്ക ദാനം ചെയ്യാനുള്ള തീരുമാനം എടുത്തതിനെ കുറിച്ച് ചോദിച്ചാല്‍ മണികണ്ഠന്‍ ഇങ്ങനെ പറയും. ഞാന്‍ വൃക്ക കൊടുത്തയാള്‍ എന്നേക്കാള്‍ ആരോഗ്യത്തോടെ ഇരിക്കുന്നു എന്നറിയുന്നതില്‍ കൂടുതല്‍ സന്തോഷവും അഭിമാനവും എനിക്ക് വേറെയില്ല. ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ എന്നാലാവുന്നത് ഞാന്‍ ചെയ്തു. പിന്നെ അവയവദാനം എന്നത് ഇപ്പോള്‍ എടുത്ത തീരുമാനവും ആയിരുന്നില്ല. 2014ല്‍ ഡിവൈഎഫ്ഐ നടത്തിയ മെഡിക്കല്‍ ക്യാംപിലാണ് അവയവദാന സമ്മതപത്രം നല്‍കിയത്.
സമ്മതപത്രത്തിന്റെ അടിസ്ഥാനത്തില്‍ എട്ട് മാസം മുമ്പ് വൃക്ക ദാനംചെയ്യാന്‍ സമ്മതമാണോയെന്ന് ചോദിച്ച് ഫോണ്‍കോള്‍ എത്തി. വൃക്കകള്‍ രണ്ടും തകരാറിലായതോടെ ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ യുവതിക്കാണ് വൃക്ക വേണ്ടതെന്നും അവര്‍ രണ്ടുമക്കളുടെ അമ്മ കൂടിയാണെന്നും അറിഞ്ഞതോടെ അവയവദാനത്തിന് മണികണ്ഠന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വൃക്ക യോജിച്ചതാണെന്നും സ്ഥിരീകരിച്ചു.
ഇത്രയും ചെറിയ പ്രായത്തില്‍ മകനെടുത്ത തീരുമാനത്തോട് ആദ്യം മണികഠന്റെ രക്ഷിതാക്കളായ മാധവമംഗലത്ത് രാജേന്ദ്രനും മഹേശ്വരിയ്ക്കും എതിര്‍പ്പായിരുന്നു. വൃക്ക നല്‍കിയാല്‍ മകന്റെ ആരോഗ്യ സ്ഥിതി എന്താവുമെന്ന കരുതിയ രക്ഷിതാക്കളെ വൃക്ക ദാനംചെയ്തവരുടെ വീഡിയോകള്‍ യൂട്യൂബില്‍ പലകുറി കാണിച്ചാണ് യാഥാര്‍ത്യം ബോധ്യപ്പെടുത്തി സമ്മതം വാങ്ങിച്ചതെന്ന് മണികണ്ഠന്‍ പറയുന്നു.
രക്ഷിതാക്കള്‍ അനുമതി നല്‍കിയതോടെ വൃക്ക നല്‍കാനുള്ള നിയമനടപടികളായി. മാര്‍ച്ച് 30ന് ശസ്ത്രക്രിയ തീരുമാനിച്ചെങ്കിലും യുവതിയുടെ ആരോഗ്യനില മോശമായതോടെ ഫെബ്രുവരി നാലിലേക്ക് മാറ്റി. ശസ്ത്രക്രിയ കഴിഞ്ഞ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ് യുവതി. മണികണ്ഠന്‍ ആരോഗ്യം വീണ്ടെടുത്തു. അവയവങ്ങള്‍ കിട്ടാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നവര്‍ ഒരുപാടുണ്ട്. ധാതാക്കളുടെ എണ്ണം കുറവാണ്. ആരോഗ്യമുളളവരെല്ലാം ധൈര്യത്തോടെ അവയവദാനത്തിന് മുന്നിട്ടിറങ്ങണമെന്നാണ് മണികണ്ഠന്‍ പറയുന്നത്.
Content Highlights: dyfi leader donated his kidney to a strange woman