46-ാം വയസ്സിലും റഹീം DYFI-യിൽ, പിണറായിയുടെ ധാർഷ്ട്യവും ഗോവിന്ദന്റെ ഭാഷയും തിരിച്ചടിച്ചു- വിമർശനം

കോട്ടയം: ഡി.വൈ.എഫ്.ഐ. കോട്ടയം ജില്ലാ സമ്മേളനത്തിൽ സി.പി.എം. നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനം. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് എന്നിവർക്കെതിരേയാണ് പ്രധാനമായും വിമർശനമുള്ളത്. പിണറായിയുമായി ബന്ധപ്പെട്ട മൈക്ക് വിഷയം, വീട്ടിൽപ്പോയി ചോദിക്ക് എന്ന പരാമർശം തുടങ്ങിയവ തിരിച്ചടിയുണ്ടാക്കിയെന്നാണ് ഡി.വൈ.എഫ്.ഐ. ചൂണ്ടിക്കാണിക്കുന്നത്. 46-ാം വയസ്സിലും എ.എ. റഹീം ഡി.വൈ.എഫ്.ഐ.യിൽ തുടരുന്നതും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ പ്രധാന കാരണക്കാർ പിണറായിയും എം.വി. ഗോവിന്ദനും കെ.കെ. രാഗേഷുമാണെന്നാണ് സമ്മേളനത്തിൽ ഡി.വൈ.എഫ്.ഐ. ഉയർത്തിയ പ്രധാനപ്പെട്ട ആരോപണം. പിണറായിയുടെ ധാർഷ്ട്യം തിരഞ്ഞെടുപ്പിൽ വലിയ തോതിൽ തിരിച്ചടിച്ചു. മൈക്ക് ഓപ്പറേറ്റർമാരോട് പ്രതികരിക്കുന്ന രീതി, ‘വീട്ടിൽപ്പോയി ചോദിക്ക്’ എന്ന് പത്തനംതിട്ടയിൽ പ്രസംഗത്തിനിടെ നടത്തിയ പരാമർശം എന്നിവയെല്ലാം പാർട്ടിക്കും മുന്നണിക്കും അവമതിപ്പുണ്ടാക്കി. ആളുകൾക്ക് മനസ്സിലാക്കുന്ന ഭാഷയിലല്ല എം.വി. ഗോവിന്ദൻ സംസാരിക്കുന്നതെന്നും അദ്ദേഹത്തിന്റെ ഭാഷാപ്രയോഗം ശരിയല്ലെന്നും വിമർശനമുയർന്നു.
എം.വി. ഗോവിന്ദന്റെയും കെ.കെ. രാഗേഷിന്റെയും പ്രവർത്തനഫലമായാണ് പയ്യന്നൂർ, തളിപ്പറമ്പ് പോലുള്ള പാർട്ടി കോട്ടകളിൽപ്പോലും എൽ.ഡി.എഫ്. തോൽക്കാൻ കാരണമെന്നും സമ്മേളനത്തിൽ ആരോപണമുയർന്നു. ജില്ലാ സെക്രട്ടറിയെന്ന നിലയിൽ രാഗേഷ് പൂർണ പരാജയമാണ്. ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ നേതാവായ റഹീം തിരുവനന്തപുരത്തെ ജില്ലാ സെക്രട്ടറിയുടെ ചുമതലകൂടി വഹിക്കുന്നത് അംഗീകരിക്കാനാവുന്നതല്ല. 35 വയസ്സായ മേഖലാ ഭാരവാഹികളെ മാറ്റാൻ തിടുക്കംകാണിക്കുന്ന അതേ നേതൃത്വമാണ് 46 വയസ്സായിട്ടും എ.എ. റഹീമിനെ ഡി.വൈ.എഫ്.ഐ.യിൽത്തന്നെ തുടരാൻ അനുവദിക്കുന്നതെന്നും വിമർശനമുണ്ടായി.
Content Highlights: DYFI Kottayam conference openly criticizes top CPM leaders including Pinarayi Vijayan., Controversial public remarks and arrogance identified as key reasons for election losses., MV Govindan and KK Ragesh accused of failing to protect party strongholds., Double standards in age limits questioned regarding AA Rahim's continued tenure at 46.