സമരപ്പന്തലിലേക്ക് ദുബായിൽനിന്ന് 23 മലയാളികൾ, ഡൽഹിയിൽ കാലുകുത്തിയതും വിജയം; സംഘം തിരിച്ചുമടങ്ങി

#ന്യൂസ് ഡെസ്ക്
ഡൽഹിയിലെ സമര മുഖത്തെത്തിയ ദുബായ് അബ്രിക്കോ ഫ്രൈറ്റ് കമ്പനിയിലെ മലയാളി തൊഴിലാളികൾ
ഡൽഹിയിലെ സമര മുഖത്തെത്തിയ ദുബായ് അബ്രിക്കോ ഫ്രൈറ്റ് കമ്പനിയിലെ മലയാളി തൊഴിലാളികൾ

കാളികാവ്: സമരം എത്രനാൾ നീണ്ടുപോയാലും വിദ്യാർഥികൾക്കൊപ്പം നിൽക്കാനായിരുന്നു തീരുമാനം. അതിനായി ദുബായിൽ നിന്ന് ഡൽഹിയിലേക്ക് വിമാനം കയറിയ 23 മലയാളി പ്രവാസി തൊഴിലാളികളെ കാത്തിരുന്നത് മറ്റൊന്നായിരുന്നു. ജന്തർ മന്തറിൽ കാലുകുത്തിയ ആദ്യ ദിവസം തന്നെ സമരം വിജയത്തിലേക്ക്. വിജയത്തിന്റെ സാക്ഷികളായതിന്റെ ആത്മസംതൃപ്തിയുമായായി അവർ വീണ്ടും കർമ ഭൂമിയായ ദുബായി ലേക്ക് തിരിച്ചുപറന്നു.

മലയാളി പ്രവാസി വ്യവസായിയും അബ്രിക്കോ ഫ്രൈറ്റ് കമ്പനിയുടെ ഉടമയുമായ ഷാജി നിലമ്പൂരാണ് സ്വന്തം സ്ഥാപനത്തിലെ 23 ജീവനക്കാരെ സമര മുഖത്തേക്കയച്ചത്. വിമാന ടിക്കറ്റ്, താമസം, ഭക്ഷണം തുടങ്ങി യാത്രയുടെയും താമസത്തിന്റെയും മുഴുവൻ ചെലവും കമ്പനി വഹിച്ചു.

വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരമുഖത്ത് തുടരാനായിരുന്നു പ്രവാസി മലയാളികളുടെ തീരുമാനം.

സംഘം ഡൽഹിയിലെത്തി ആദ്യ ദിവസംതന്നെ സമരം വിജയകരമായി അവസാനിച്ചതോടെ വിദ്യാർഥികളോടൊപ്പം വിജയ നിമിഷങ്ങൾ പങ്കിട്ടാണ് അവർ മടങ്ങിയത്.

ഇർഷാദ്, അൻഫാസ്, ടോയോ എന്നിവരുടെ നേതൃത്വത്തിൽ ജന്തർ മന്തറിലെത്തിയ സംഘം വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും സമരത്തെ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പിന്തുണ ഒഴുകിയെത്തിയ സമരത്തിൽ പ്രവാസി മലയാളികളുടെ സാന്നിധ്യവും ശ്രദ്ധേയമായി. സമരത്തിനിടെ ഇന്റർനെറ്റ് സേവനം തടസ്സപ്പെട്ടതിനാൽ കുടുംബാംഗങ്ങളുമായും ദുബായിലെ സ്ഥാപനവുമായും ബന്ധപ്പെടാൻ ബുദ്ധിമുട്ടുണ്ടായെങ്കിലും സമരമുഖത്ത് നിന്ന് പിന്മാറില്ലെന്നായിരുന്നു അവരുടെ തീരുമാനം. ലോക ശ്രദ്ധ നേടിയ സമരത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് ജീവിതത്തിലെ അഭിമാന നിമിഷമാണെന്ന് സംഘാംഗങ്ങൾ പറയുന്നു.

Content Highlights: 23 Dubai-based employees flew to Delhi to support student protests., Abrico Freight owner Shaji Nilambur covered all travel and living expenses., The group joined the Jantar Mantar protest site immediately upon arrival., The protest achieved success shortly after their arrival, marking a historic moment for the participants.