പോലീസ് വാഹനത്തെ ഇരിപ്പിടമാക്കി മദ്യപൻ; മദ്യലഹരിയിൽ വണ്ടിക്ക് മുകളിൽ 'അഭ്യാസം', ദൃശ്യങ്ങൾ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പിങ്ക് പോലീസിന്റെ വാഹനത്തിന് മുകളിൽ കയറിയിരുന്ന് മദ്യപാനിയുടെ അഭ്യാസം. നെയ്യാറ്റിൻകര ബസ് സ്റ്റാൻ്റിന് സമീപത്തായിരുന്നു
സംഭവം. അരമണിക്കൂറോളം വാഹനത്തിന് മുകളിലിരുന്നയാളെ പോലീസ് ഇറക്കിവിട്ടു.
പോലീസ് പട്രോളിങിന്റെ ഭാഗമായാണ് പിങ്ക് പോലീസ് നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽ എത്തിയത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാർ വാഹനം നിർത്തി പുറത്തു പോയപ്പോഴായിരുന്നു മദ്യപന്റെ അഭ്യാസപ്രകടനം. മദ്യലഹരിയിലായിരുന്ന ഇയാൾ ആദ്യം വാഹനത്തിൽ ചാരിനിൽക്കുകയും പിന്നീട് വാഹനത്തിൽ പുറത്തു കയറി ഇരിക്കുകയുമായിരുന്നു.
അസഭ്യവർഷം ഭയന്ന് നാട്ടുകാരാരും അടുത്തില്ല. തുടർന്ന് പോലീസ് എത്തി ഇയാളെ വിരട്ടി താഴെയിറക്കി വിടുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ മദ്യപനെ കണ്ടെത്തി കൂടുതൽ നടപടികളിലേക്ക് നീങ്ങാനുള്ള ശ്രമത്തിലാണ് നെയ്യാറ്റിൻകര പോലീസ്.