മദ്യലഹരിയിൽ കാറോടിച്ച് അപകടം; കാൽനടയാത്രക്കാരന് ഗുരുതര പരിക്ക്, വാഹനങ്ങൾ തകർന്നു; ഡ്രൈവർ പിടിയിൽ

#ന്യൂസ് ഡെസ്ക്
അപകടത്തില്‍ തകർന്ന കാർ
അപകടത്തില്‍ തകർന്ന കാർ

വിഴിഞ്ഞം: മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ നിയന്ത്രണംവിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളെ ഇടിച്ചശേഷം കാൽനടയാത്രക്കാരനെയും ഇടിച്ചിട്ടു. തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ വിഴിഞ്ഞം ടൗൺഷിപ്പ് സ്വദേശി നിജാമിനെ (18) പോലീസെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി എട്ടോടെ വിഴിഞ്ഞം മുത്തുമാരിയമ്മൻ ക്ഷേത്രത്തിന് മുന്നിലായിരുന്നു അപകടം.

അപകടമുണ്ടാക്കിയ കാർ ഓടിച്ചിരുന്ന മാറനല്ലൂർ സ്വദേശി മുഹമ്മദ് ഹുസൈനെ (23) നാട്ടുകാർ പിടികൂടി വിഴിഞ്ഞം പോലീസിന് കൈമാറി. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റൊരു യുവാവ് ഓടിരക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. വിഴിഞ്ഞം തെരുവിന്റെ തുടക്കത്തിൽനിന്ന് പോലീസ് സ്റ്റേഷൻ ജങ്ഷനിലേക്ക് വരികയായിരുന്ന കാറാണ് അപകടമുണ്ടാക്കിയത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.

ക്ഷേത്രത്തിൽ നടന്ന പൂജകളിൽ പങ്കെടുക്കാനെത്തിയ വിഴിഞ്ഞം സ്വദേശികളായ ബിനു, രാജീവ്, വിഷ്ണു എന്നിവരുടെ വാഹനങ്ങളാണ് അപകടത്തിൽ തകർന്നത്. ആദ്യം ക്ഷേത്രത്തിന്റെ മതിലിൽ ഇടിച്ച കാർ സമീപത്ത് നിർത്തിയിട്ടിരുന്ന ബിനുവിന്റെയും രാജീവിന്റെയും ബൈക്കുകളിലേക്ക് പാഞ്ഞുകയറുകയായിരുന്നു. രണ്ട് ബൈക്കുകളുടെയും മുൻഭാഗം തകർന്നു. തുടർന്ന് മുന്നോട്ടുപോയ കാർ റോഡിന്റെ ഇടതുവശത്ത് നിർത്തിയിട്ടിരുന്ന വിഷ്ണുവിന്റെ കാറിന്റെ പിന്നിലുമിടിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ പിൻഭാഗത്തെ ടയറുകൾ പൊട്ടി.

അപകടം കണ്ട നാട്ടുകാർ ഇടപെട്ടാണ് കാർ തടഞ്ഞുനിർത്തിയത്. വിവരമറിഞ്ഞെത്തിയ സി.ഐ. വി.എം. ശ്രീകുമാറിന്റെ നേതൃത്വത്തിൽ കാറോടിച്ച യുവാവിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. സംഭവത്തിൽ വിഴിഞ്ഞം പോലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു.

Content Highlights: A drunk driver caused a major accident in Vizhinjam by hitting parked vehicles and a pedestrian., Eighteen-year-old Nizam sustained serious injuries and was hospitalized., The accused, Muhammad Hussain, was caught by locals and handed over to Vizhinjam police., Vizhinjam police registered two cases regarding the incident.