സ്കൂളുകള്ക്കുസമീപത്തെ കടകളില്‍ ലഹരിമിഠായിയെന്ന് പ്രചാരണം; അരുവിക്കരയില്‍ പരിശോധന, താക്കീത്

അരുവിക്കര: അരുവിക്കരയിലെയും പരിസര പ്രദേശങ്ങളിലെയും സ്കൂളുകള്ക്കുസമീപമുള്ള കടകളില്‍ ലഹരിമിഠായി വില്‍ക്കുന്നതായി പരാതി വ്യാപകമായതിനെത്തുടര്‍ന്ന് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ കടകളില്‍ സംയുക്ത പരിശോധന നടത്തി. എക്സൈസിന്റെയും ആരോഗ്യ വിഭാഗത്തിന്റെയും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെയും ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമുതല്‍ വൈകീട്ട് 4.45 വരെയാണ് പരിശോധന നടത്തിയത്.
രണ്ടുദിവസം മുന്‍പ് അരുവിക്കരയില്‍ നടന്ന ഒരു വിവാഹസത്കാര ചടങ്ങില്‍ വിതരണംചെയ്ത മിഠായി കഴിച്ച പലര്‍ക്കും അസ്വസ്ഥത അനുഭവപ്പെട്ടതായും ഈ മിഠായിക്ക് പുകയില ഉത്പന്നമായ പാന്‍പരാഗിന്റെ രുചി ഉണ്ടായിരുന്നതായും ആരോപണമുയര്‍ന്നിരുന്നു. അരുവിക്കരയിലും പരിസരപ്രദേശങ്ങളിലും ഇത്തരം മിഠായികള്‍ അനധികൃതമായി സൂക്ഷിച്ച് വില്പന നടത്തുന്നുണ്ടെന്നും സ്കൂള്‍ക്കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ മിഠായി വാങ്ങി കഴിക്കുന്നതായും സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രചാരണം ഉണ്ടായിരുന്നു.
ഇതിനെത്തുടര്‍ന്നാണ് അരുവിക്കര സ്കൂള്‍ പരിസരത്തെ മുറുക്കാന്‍ കടകള്‍, ബേക്കറികള്‍, ഹോട്ടലുകള്‍ തുടങ്ങി വിവിധ വ്യാപാര കേന്ദ്രങ്ങളിലും അരുവിക്കരയിലെ മറ്റ് ജങ്ഷനുകളിലും അധികൃതര്‍ പരിശോധന നടത്തിയത്. എന്നാല്‍, പരാതിക്കടിസ്ഥാനമായ മിഠായി കണ്ടെത്താന്‍ അധികൃതര്‍ക്കായില്ല.
സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം ശ്രദ്ധയില്‍പ്പെട്ട കച്ചവടക്കാര്‍ ലഹരിമിഠായി കടകളില്‍ നിന്നും മാറ്റിയതാകാമെന്ന് അധികൃതര്‍ പറഞ്ഞു. കടയുടമകള്‍ക്ക് താക്കീതുനല്‍കിയ ഉദ്യോഗസ്ഥര്‍ ലഹരി ഉപയോഗത്തിനെതിരേയുള്ള സന്ദേശമടങ്ങിയ നോട്ടീസുകള്‍ പൊതുജനങ്ങള്‍ക്ക് വിതരണംചെയ്തു.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മനോഹര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പ്രസാദ്, അനു, വിനോദ്, സുനില്‍രാജ്, ഭക്ഷ്യസുരക്ഷാ ഓഫീസര്‍ പൂജ, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ വി. അനില്‍കുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ പ്രശാന്ത്, ദിലീപ് കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ആരോമല്‍, ശ്രീജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരുംദിനങ്ങളില്‍ കൂടതല്‍ പ്രദേശങ്ങളില്‍ പരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Content Highlights: inspection in aruvikkara following complaints of drug laced candies near schools thiruvananthapuram